സ്വന്തം ലേഖകന്‍: സൗദിയില്‍ മലയാളികളുടെ നെഞ്ചിലൂടെ സ്വദേശിവത്കരണത്തിന്റെ തേരോട്ടം, അടുത്ത ലക്ഷ്യം ഫാര്‍മസികള്‍. സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള കര്‍ശന തീരുമാനവുമായി മുന്നോട്ടു പോകുകയാണ് സൗദി സര്‍ക്കാര്‍. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം മലയാളികളായ പ്രവാസികള്‍ക്ക് നല്കിയ ആഘാതം മാറി വരുന്നതെയുള്ളു.
അതിനിടെയാണ് ഫാര്മസികളിലേക്കു കൂടി സ്വദേശികളെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ഫാര്‍മസി രംഗത്ത് നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള 39,000 വിദേശ ഫാര്‍മസിസ്റ്റുകളുടെ സ്ഥാനത്ത് ഇനി സ്വദേശികളെ നിയമിക്കാനാണ് തൊഴില്‍, ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
എകദേശം 47,000 ത്തിലധികം ഫാര്‍മസിസ്റ്റുകളാണ് സൗദിയിലുള്ളത്. ഇതില്‍ 8000 പേര് മാത്രമാണ് സ്വദേശികള്‍. സ്ത്രീകള്‍ക്ക് ഏറ്റവും അനുയോജ്യമായ മേഖല എന്ന നിലക്ക് ഫാര്‍മസികളില്‍ സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഏറെക്കാലമായി മലയാളികള്‍ ജോലി ചെയ്തിരുന്ന മേഖലകളിലേക്ക് സൗദിവല്‍ക്കരണം വ്യാപിക്കുമ്പോള്‍ പ്രവാസികള്‍ക്കിടയില്‍ ഭാവിയെക്കുറിച്ചുള്ള ആശങ്ക പരക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല