സ്വന്തം ലേഖകന്‍: പാസ്പോര്ട്ടില് ഭാര്യ, ഭര്‍ത്താവ്, അച്ഛന്, അമ്മ എന്നവരുടെ വിവരങ്ങള്‍ ആവശ്യമില്ലെന്ന് സമിതി റിപ്പോര്‍ട്ട്. ഭര്‍ത്താവ്, അച്ഛന് തുടങ്ങിയവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് സംബന്ധിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഈ തീരുമാനം. വിദേശകാര്യ മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം, കേന്ദ്ര പാസ്പോര്‍ട്ട് ഓര്ഗനൈസേഷന് എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടേതാണ് പുതിയ നിര്‍ദേശം.
വികസിത രാജ്യങ്ങളിലെല്ലാം പാസ്പോര്ട്ടില് ഉടമയുടെ പേരുവിവരങ്ങള്‍ മാത്രമേ അച്ചടിക്കുന്നുള്ളൂ എന്ന് സമിതി ചൂണ്ടിക്കാണിച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ക്ക് പാസ്പോര്‍ട്ടിലെ രണ്ടാം രണ്ടാം നമ്പര്‍ പേജിലെ പാസ്പോര്‍ട്ട് ഉടമയുടെ പേര്,ലിംഗം,രാജ്യം,ജനന തിയതി എന്നിവ മാത്രം മതിയാകും. വികസിത രാജ്യങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ മാത്രമേ പാസ്പോര്ട്ടില് ഉപയോഗിക്കുന്നുള്ളു.
പ്രിയങ്ക ഗുപ്ത എന്ന സ്ത്രീ തന്റെ മകള്‍ക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്നതിലെ പ്രശ്നവുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിക്ക് അയച്ച പരാതിയെ തുടര്‍ന്ന് പാസ്പോര്‍ട്ട് നിയമത്തില്‍ വരുത്തേണ്ട ഭേദഗതിയെ സംബന്ധിച്ച് പഠനം നടത്താന്‍ മൂന്നു മാസം മുമ്പാണ് സമിതിയെ നിയോഗിച്ചത്. മകളുടെ ജനന ശേഷം ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന്റെ പേര് പാസ്പോര്ട്ടില് ചേര്‍ക്കാത്തതിനാലാണ് പ്രിയങ്കയുടെ മകള്‍ക്ക് പാസ്പോര്‍ട്ട് നിഷേധിച്ചത്.
തുടര്‍ന്ന് ഒരു ലക്ഷത്തോളം പേര് ഒപ്പ് വെച്ച ഓണ്‍ലൈന്‍ പരാതിയും പ്രിയങ്ക ഗുപ്ത നല്‍കിയിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍, അനാഥര്‍, വാടക ഗര്‍ഭപാത്രത്തില്‍ ജനിച്ചവര്‍, ദത്തെടുത്തവര്‍, വിവാഹേതര ബന്ധത്തില്‍ ജനിച്ചവര്‍ തുടങ്ങിയവരാണ് നിലവിലെ നടപടി ക്രമങ്ങള്‍ കാരണം പാസ്പോര്‍ട്ട് ലഭിക്കാതെ വലയേണ്ടി വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല