സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായ റാഖാ പിടിക്കാന്‍ സിറിയന്‍ സേന, മൊസൂളില്‍ കനത്ത പോരാട്ടം തുടരുന്നു. യുഎസിന്റെ പിന്തുണയോടെ കുര്‍ദ്, അറബി പോരാളികള്‍ ഉള്‍പ്പെടുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്(എസ്ഡിഎഫ്) റാഖാ തിര്‍ച്ചുപിടിക്കാനുള്ള ശക്തമായ പോരാട്ടം ആരംഭിച്ചു. യുദ്ധത്തില്‍ മുപ്പതിനായിരം ഭടന്മാരാണു പങ്കെടുക്കുന്നത്. ഒപ്പം യുഎസ് യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണവും നടത്തുന്നുണ്ട്.
ഐഎസിനെ തുരത്തി ഇറാക്കിലെ മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ ഇറാക്കി സ്‌പെഷല്‍ സേന പോരാട്ടം തുടരുന്നതിനിടെയാണ് സിറിയയിലും ഐഎസിനെതിരേ ആക്രമണം ആരംഭിച്ചത്. മൊസൂളിലെ എല്ലാ പ്രദേശങ്ങളും തുരങ്കങ്ങളാല്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഭീകരരില്‍ നിന്ന് അപ്രതീക്ഷിത ആക്രമണങ്ങള്‍ നേരിടേണ്ടിവരുന്നുവെന്ന് ഇറാഖി സൈന്യത്തിന്റെ വക്താവ് അറിയിച്ചു. ഭൂമുഖത്തില്‍ നിന്ന് ഭീകരരെ തുടച്ചുനീക്കുമ്പോഴും ഭൂഗര്‍ഭത്തില്‍ നിന്ന് വലിയൊരു സംഘം ആക്രമണം തുടരുന്നു. ജനങ്ങള്‍ക്ക് അപകടം ഉണ്ടാകാതിരിക്കാന്‍ ഏറെ ശ്രദ്ധയോടെയാണ് ഇറാഖി സൈന്യം നഗരത്തിലൂടെ നീങ്ങുന്നതെന്നും അവര്‍ വ്യക്തമാക്കി.
യൂഫ്രട്ടീസിന്റെ രോഷം എന്നു പേരിട്ടിരിക്കുന്ന റാഖാ യുദ്ധം രണ്ടു ഘട്ടമായാണു നടത്തുക. ആദ്യഘട്ടത്തില്‍ റാഖായുടെ ചുറ്റുപാടുമുള്ള ഗ്രാമങ്ങള്‍ പിടിച്ചെടുക്കും. രണ്ടാംഘട്ടത്തില്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണു പദ്ധതിയെന്ന് എസ്ഡിഎഫ് വക്താവ് തലാല്‍ സെല്ലോ എഎഫ്പിയോടു പറഞ്ഞു.
ടാങ്ക് വേധ മിസൈലുകള്‍ ഉള്‍പ്പെടെ അത്യാധുനിക ആയുധങ്ങള്‍ യുഎസില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നു സെല്ലോ അറിയിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണു മുന്നോട്ടു നീങ്ങുന്നത്. ഐഎസ് കനത്ത ചെറുത്തുനില്പ് നടത്തുമെന്നും തീര്‍ച്ചയാണെന്നും റാഖാ വീണാല്‍ സിറിയയില്‍ തങ്ങളുടെ കഥ കഴിയുമെന്ന് ഐഎസിനറിയാമെന്നും സെല്ലോ ചൂണ്ടിക്കാട്ടി.
റാഖാ ആക്രമണത്തില്‍ തുര്‍ക്കിയെ പങ്കെടുപ്പിക്കില്ലെന്നും ഇക്കാര്യത്തില്‍ യുഎസിന്റെ സമ്മതം വാങ്ങിയിട്ടുണ്ടെന്നും സെല്ലോ അറിയിച്ചു. കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ്(വൈപിജി) എസ്ഡിഎഫിലെ മുഖ്യ ഘടകം. വൈപിജിയെ ഭീകരഗ്രൂപ്പായാണ് തുര്‍ക്കി കണക്കാക്കുന്നത്. ഓഗസ്റ്റില്‍ വൈപിജിക്കും ഐഎസിനുമെതിരേ തുര്‍ക്കി സിറിയന്‍ മേഖലയില്‍ വ്യോമാക്രമണം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല