സ്വന്തം ലേഖകന്‍: ഇമെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റനെതിരെ തെളിവില്ലെന്ന് എഫ്ബിഐ, അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ കുറ്റം ചെയ്തതിന് തെളിവില്ലെന്ന് എഫ്.ബി.ഐ മേധാവി ജയിംസ് കോമി അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു.
ആദ്യ അന്വേഷണത്തില്‍ ഹിലരിയെ എഫ്.ബി.ഐ നേരത്തെ കുറ്റവിമുക്തയാക്കിയിരുന്നു. ആദ്യത്തേതില്‍ കൂടുതലൊന്നും രണ്ടാമത്തെ അന്വേഷണത്തില്‍ കണ്ടെത്താന്‍ എഫ്.ബി.ഐക്ക് സാധിച്ചിട്ടില്ല. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഇമെയില്‍ അയക്കുന്നതിന് സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചത് അശ്രദ്ധ കാരണമാണെന്നും ഇതില്‍ കുറ്റകരമായതൊന്നും ഇല്ലെന്നും കഴിഞ്ഞ ജൂലൈയില്‍ എഫ്.ബി.ഐ വ്യക്തമാക്കിയത്. ഈ നിഗമനം തന്നെയാണ് രണ്ടാമത്തെ അന്വേഷണത്തിലും എഫ്.ബി.ഐ എത്തിച്ചേര്‍ന്നതെന്നും ജയിംസ് കോമി ചൂണ്ടിക്കാട്ടുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍കെ എഫ്.ബി.ഐയുടെ പ്രഖ്യാപനം ഹിലരിക്ക് ഗുണം ചെയ്യും. ഇമെയില്‍ വിവാദം അന്വേഷിക്കാന്‍ എഫ്.ബി.ഐ തീരുമാനിച്ചതോടെ പ്രചരണത്തില്‍ വലിയ തിരിച്ചടി ഹിലരി നേരിട്ടിരുന്നു. എന്നാല്‍, കുറ്റവിമുക്തയാക്കിയതോടെ ഹിലരിയുടെ ജനപിന്തുണ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഈമെയില്‍ വിവാദത്തില്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിക്കെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ജയിംസ് കോമി ഡയറക്ടറായി ഇരുന്ന് അന്വേഷിക്കുന്നിടത്തോളം കാലം കുറ്റക്കാരിയായ ഹിലരി ക്ലിന്റന്‍ നിരപരാധിയായിരിക്കുമെന്നാണ് ട്രംപിന്റെ ആരോപണം. തിരഞ്ഞെടുപ്പ് റാലിക്കിടെ മിഷിഗണില്‍ നടത്തിയ സമ്മേളനത്തില്‍ 8000ത്തോളം വരുന്ന ജനക്കൂട്ടത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
65000 വിവാദ ഈമെയിലുകളിലാണ് ഹിലരിക്കെതിരെ അന്വേഷിക്കുന്നത്. വിശദമായി അന്വേഷണം വേണ്ട കേസ് വെറും എട്ട് ദിവസം കൊണ്ട് അന്വേഷിച്ച് ദുര്‍ബലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കോമിയെ സംശയിക്കേണ്ടിയിരിക്കുന്നു ഇവരെല്ലാം ചേര്‍ന്ന് രാജ്യദ്രോഹിയായ ഹിലരിയെ സംരക്ഷിക്കുകയാണെന്ന് ട്രംപ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല