സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് മംഗല്യം യാഥാര്‍ഥ്യമായി, സുഷമ സ്വരാജിന്റെ ‘വിവാഹ സമ്മാനത്തിന്’ നന്ദി പറഞ്ഞ് വധൂവരന്മാര്. ഒരു മാസം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ രാജസ്ഥാന് ജോധ്പൂര്‍ സ്വദേശി നരേഷ് തേവാനി കറാച്ചി സ്വദേശി പ്രിയ ബച്ചാനിയുടെ കഴുത്തില്‍ തിങ്കളാഴ്ച താലി ചാര്‍ത്തി.
വിവാഹത്തിനെത്താന്‍ വധുവിനും വീട്ടുകാര്‍ക്കും ഇന്ത്യന്‍ ഹൈക്കമ്മീഷന് വിസ നിഷേധിച്ചതിനെ തുടര്‍ന്ന് നരേഷ് ഇക്കാര്യം ട്വിറ്ററിലൂടെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്ന് മന്ത്രിയുടെ ഇടപെടലാണ് പ്രിയയ്ക്കും കുടുംബത്തിനും സഹായകരമായത്. മൂന്നുവര്‍ഷം മുമ്പ് തന്നെ ഇവരുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍ ഉറി ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യപാക്ക് ബന്ധം വഷളായതിനെതുടര്‍ന്നാണ് സംഘത്തിന്റെ യാത്ര മുടങ്ങിയത്.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിസയുടെ കാര്യം മന്ദഗതിയിലായി.
വിസ കിട്ടാനുള്ള പ്രശ്നങ്ങള്‍ അറിഞ്ഞ സുഷമ സ്വരാജ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു കൊണ്ടു പ്രിയയ്ക്കു ട്വിറ്റ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ കുടുംബത്തിലെ 11 പേര്‍ക്കു വിസ അനുവദിച്ചുകൊണ്ട് ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ ഉത്തരവിറക്കി. പാക്കിസ്താനിലെ സിന്ധ് പ്രവശ്യയിലാണ് വധുവിന്റെ കുടുംബം. അതിര്‍ത്തി കടന്നുള്ള വിവാഹങ്ങള്‍ ഈ മേഖലയില്‍ അപൂര്‍വമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല