സ്വന്തം ലേഖകന്‍: വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കുമെന്ന് തെരേസ മേയ്, നിയ വിരുദ്ധമായി ബ്രിട്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരെ മടക്കി അയക്കും. വിസ ചട്ടങ്ങള്‍ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനായി ഇന്ത്യയും ബ്രിട്ടനും ചേര്‍ന്ന് സമിതി രൂപവത്ക്കരിക്കുമെന്നും മെയ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന മെയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വിസ നിയമങ്ങള്‍ കര്‍ക്കശമാക്കിയ നടപടിയില്‍ ഇന്ത്യ ബ്രിട്ടനെ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബ്രിട്ടന്‍ വിസ നിയമങ്ങള്‍ കര്‍ക്കശമാക്കിയത് പഠനത്തിനു ശേഷം ബ്രിട്ടനില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ടെക്കികളും വന്‍തോതില്‍ തിരിച്ചുപോരേണ്ടിവരും.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുന്ന പശ്ചാത്തലത്തില്‍, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണ് മെയ് ദ്വിദിന സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 40 വ്യവസായികളുമായാണ് മെയ് സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
ജൂലായില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം യൂറോപ്പിന് പുറത്ത് തെരേസ മെയ് നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. നാളെ അവര്‍ ബെംഗളൂരുവിലെ ടെക് ഹബ് സന്ദര്‍ശിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല