സ്വന്തം ലേഖകന്‍: അമേരിക്കക്കാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്, വിജയ പ്രതീക്ഷയോടെ ഹിലാരി, അവസാന അടവുമായി ട്രംപ്. അമേരിക്കയുടെ 45 ാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം നാളെ രാവിലെ ഏഴോടെ വോട്ടിംഗ് അവസാനിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ ഫലമറിയാനായേക്കും.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലാരി ക്ലിന്റണും തമ്മിലാണു മത്സരം. വൈസ് പ്രസിഡന്റ് സ്ഥാനത്തിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് പെന്‍സും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ടീം കെയ്‌നും മത്സരിക്കുന്നു. ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ ഗാരി ജോണ്‍സണും ഗ്രീന്‍ പാര്‍ട്ടിയുടെ ജില്‍ സ്റ്റെയ്‌നും മറ്റ് 24 സ്ഥാനാര്‍ഥികളില്‍ ശ്രദ്ധേയരാണ്.
22.58 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 4.2 കോടി പേര്‍ ഞായറാഴ്ചയോടെ വോട്ട് ചെയ്തു. നേരത്തേ വോട്ട് ചെയ്യാന്‍ ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാര്‍ കാണിച്ച ഉത്സാഹം ഹില്ലരി ക്യാമ്പില്‍ സന്തോഷം പടര്‍ത്തുന്നു. 2.73 കോടിയാണു ലാറ്റിനോ വോട്ടര്‍മാര്‍. വെള്ളക്കാരായ തൊഴിലാളികളിലും വൃദ്ധരിലും പുരുഷന്മാരിലും മറ്റുമാണു ട്രംപിന്റെ വലിയ പ്രതീക്ഷ. കുടിയേറ്റവിരുദ്ധ നയങ്ങള്‍ വെള്ളക്കാര്‍ക്കിടയില്‍ ട്രംപിനു പിന്തുണ കൂട്ടി. 15.61 കോടി വോട്ടര്‍മാര്‍ വെള്ളക്കാരാണ്. ഹിസ്പാനിക്കുകളും കറുത്തവര്‍ഗക്കാരും സ്ത്രീകളും ബിരുദമുള്ള വെള്ളക്കാരും ഹില്ലരിയുടെ ബലമാണ്.
പോളിംഗിനു തൊട്ടുമുന്‍പാണെങ്കിലും ഇ മെയില്‍ വിവാദത്തില്‍ കേസിനു കാര്യമില്ലെന്ന് എഫ്ബിഐ പ്രസ്താവിച്ചതു ഹില്ലരിക്കു തെല്ല് ആശ്വാസമായി. സര്‍വേകളുടെ ശരാശരി ഫലം നല്കുന്ന റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സില്‍ ഇന്നലെ രാവിലെ ഹില്ലരി 1.8 ശതമാനത്തിനു ലീഡ് ചെയ്തിരുന്നതു വൈകുന്നേരത്തോടെ മൂന്ന് ശതമാനമായി. (47.2–44.2) ഹില്ലരിക്ക് 203–ഉം ട്രംപിന് 164–ഉം ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പായെന്നും അവര്‍ പറയുന്നു. 538 അംഗ ഇലക്ടറല്‍ കോളജില്‍ 270 കിട്ടുന്നയാളാണു ജയിക്കുക.
വാതുവയ്പുകാര്‍ ഇപ്പോഴും ഹില്ലരിക്കൊപ്പമാണ്. ഹില്ലരിയുടെ പേരില്‍ അഞ്ചുവച്ചാല്‍ ഒന്നേ കിട്ടൂ; ട്രംപിന്റെ പേരില്‍ മൂന്നുവച്ചാല്‍ പത്തു കിട്ടും എന്നു കോറല്‍ എന്ന വാതുവയ്പ് സ്ഥാപനം പറയുന്നു. കോടിക്കണക്കിന് ഡോളര്‍ പൊടിച്ച് പൊടിപൊടിപ്പന്‍ പ്രചാരണമായിരുന്നു ഇരുപക്ഷവും നടത്തിയത്. സെപ്റ്റംബര്‍ 30 വരെ ഹില്ലരി 53.44 കോടി ഡോളറും (3554 കോടി രൂപ) ട്രംപ് 36.74 കോടി ഡോളറും (2444 കോടി രൂപ) പ്രചാരണത്തിനു ചെലവഴിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല