1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2016

സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു, ബുധനാഴ്ച രാവിലെയോടെ ഫലം അറിയാം. അമേരിക്കയെ അടുത്ത നാലു വര്‍ഷം ആരു നയിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. പ്രധാനമായും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും മാറ്റുരക്കുന്ന തെരഞ്ഞെടുപ്പില്‍ ഫലം പ്രവചനാതീതമാണെന്നാണ് പൊതുവെ വിലയിരുത്തല്‍.

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ട്രംപ്, ഹില്ലരി പോരാട്ടം ഒപ്പത്തിനൊപ്പമാണെന്നാണ് സൂചന. 50 യു.എസ്. സംസ്ഥാനങ്ങളിലെ പകുതിയോളം വോട്ടിങ്ങും പൂര്‍ത്തിയാകുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് 66 ഉം, ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍ 68 ഉം വോട്ടുകള്‍ നേടി. 270 ഇലക്ട്രല്‍ വോട്ടുകളാണ് വിജയിക്കാന്‍ ആവശ്യം.

ഹിലരി തെരഞ്ഞെടുക്കപ്പെട്ടാല്‍ 240 വര്‍ഷത്തെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റാവും. വൈസ് പ്രസിഡന്റിനെയും സെനറ്റിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ളവരുടെയും തെരഞ്ഞെടുപ്പും ഇതോടൊപ്പമുണ്ട്. മൈക് പെന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ടിം കെയ്ന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളാണ്.

ചൊവ്വാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട വരികള്‍ കാണുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ 45 മത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് 20കോടിയിലധികം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇവരില്‍ നാലു കോടിയിലധികം പേര്‍ നേരത്തേതന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ആഴ്ചകള്‍ക്കു മുമ്പേ വോട്ട് ചെയ്യാനുള്ള പ്രത്യേക സൗകര്യം ഉപയോഗപ്പെടുത്തിയാണിത്. ഇത്തരത്തില്‍ നേരത്തേതന്നെ പ്രസിഡന്റ് ഒബാമ വോട്ട് രേപ്പെടുത്തിയിരുന്നു.

സ്ഥാനാര്‍ഥികളായ ഹിലരിയും ട്രംപും കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തി. ഫലം എന്തുതന്നെയായാലും അംഗീകരിക്കുമെന്ന് പറഞ്ഞ ഇരു സ്ഥാനാര്‍ഥികളും വിജയ പ്രതീക്ഷയില്‍തന്നെയാണ്. ചൊവ്വാഴ്ചത്തെ വോട്ടെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ജനുവരിയിലാണ് പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ജനുവരി 20 നാണ് സത്യപ്രതിജ്ഞ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.