സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഇനി ട്രംപ് യുഗം, ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്ക് പാര്‍ട്ടി വിജയമുറപ്പിച്ചു, യുഎസിലെങ്ങും ട്രംപ് അനുയായികളുടെ ആഹ്ലാദ പ്രകടനങ്ങള്‍. 45 ആം യുഎസ് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും പ്രമുഖ വ്യവസായിയുമായ ഡൊണാള്‍ഡ് ട്രംപ് ജയിച്ചു കയറി. 277 വോട്ടുകള്‍ നേടിയാണ് റിപ്പബ്ലിക്ക് പാര്‍ട്ടി ഇലക്ട്രല്‍ കോളജില്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. ഹിലരിക്ക് 218 വോട്ടു ലഭിച്ചു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടത് 270 ഇലക്ടറല്‍ വോട്ടുകളാണെന്നിരിക്കെയാണ് 276 വോട്ടുകള്‍ നേടിക്കൊണ്ട് ട്രംപ് വിജയമുറപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിക്കാനുണ്ട്.
50 സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയില്‍ നിന്നും 538 അംഗങ്ങളുള്ള ഇലക്ട്രല്‍ കോളേജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.
നിര്‍ണായക സംസ്ഥാനമായ ഒഹായോയിലും ഹില്ലരിയുടെ സംസ്ഥാനമായ അര്‍ക്കന്‍സോയിലും ട്രംപ് വിജയിച്ചു. ആറ് സ്വിങ് സ്‌റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. ഒപ്പം പല ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യകതമായ മുന്നേറ്റം നേടാനായി.
വിദഗ്ധരുടെ പ്രവചനങ്ങളെല്ലാം തെറ്റിച്ച് ഫ്‌ളോറിഡയും ട്രംപിന് വോട്ടുചെയ്തു. യു.എസ് ഹൗസിലേക്ക് 221 വോട്ടുകളിലൂടെയും യു.എസ് സെനറ്റിലേക്ക് 51 വോട്ടുകളിലൂടെയും റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടി.
യു.എസ്. കോണ്‍ഗ്രസിലേക്ക് പാലക്കാട്ട് വേരുകളുള്ള പ്രമീള ജയ്പാല്‍ തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണ്‍ സെനറ്റര്‍ കൂടിയാണിവര്‍. യു.എസ്. സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസും തിരഞ്ഞെടുക്കപ്പെട്ടു.
യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയോടെയാണ് എഴുപതുകാരനായ ട്രംപിന്റെ സ്ഥാനാരോഹണം. 2017 ജനുവരി 20 ന് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല