സ്വന്തം ലേഖകന്‍: യുഎസ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പം ജയിച്ചു കയറി ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ഥികള്‍. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു ഇന്ത്യന്‍ വംശജ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മലയാളിയായ പ്രമീള ജയപാല്‍ അടക്കം രണ്ട് പേര്‍ ജനപ്രതിനിധി സഭയിലും സീറ്റ് ഉറപ്പാക്കി.
പ്രമീള ജയപാല്‍ ആണ് യു.എസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി. വാഷിംഗ്ടണില്‍ നിന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായാണ് പ്രമീള മത്സരിച്ചത്. അഭിഭാഷകയായ പ്രമീള അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്. പ്രമീളയുടെ മാതാപിതാക്കള്‍ ബംഗലൂരുവിലാണ് താമസം. ചെന്നൈയില്‍ ജനിച്ച പ്രമീള പിന്നീട് ഇന്തോനീഷ്യയിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും കുടിയേറുകയായിരുന്നു. പാലക്കാട് മുതുവഞ്ചാല്‍ വീട്ടില്‍ ജയപാല മേനോന്റെ മകളായ പ്രമീള 1982 ലാണ് പഠനത്തിനായി അമേരിക്കയിലേക്ക് പോയത്.
കമല ഹാരിസ് ആണ് അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഇന്ത്യന്‍ വംശജ. കാലിഫോര്‍ണിയയില്‍ നിന്ന് വിജയിച്ച കമല ഡെമോക്രാറ്റിക് സ്ഥനാര്‍ത്ഥിയാണ്. 24 വര്‍ഷത്തിനു ശേഷമാണ് കാലിഫോര്‍ണിയയില്‍ നിന്ന് അമേരിക്കന്‍ വംശജയല്ലാത്ത ഒരാള്‍ സെനറ്റില്‍ എത്തുന്നത്. ലാറ്റിന്‍ അമേരിക്കന്‍ കുടിയേറ്റക്കാരുടെ വോട്ടുകളാണ് കമലക്ക് തുണയായത്. കാലിഫോര്‍ണിയയിലെ ആദ്യ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിച്ച പരിചയവും കമലയ്ക്ക് മുതല്‍ക്കൂട്ടായി. ചെന്നൈയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യജമൈക്കന്‍ ദമ്പതികളുടെ മകളാണ് കമല.
സെനറ്റിലേക്ക് വിജയിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ബിസിനിസുകാരന്‍ രാജാ കൃഷ്ണമൂര്‍ത്തി ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനാണ്. ഇല്ലിനോയിയിലെ എട്ടാം കോണ്‍ഗ്രസഷ്ണല്‍ മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം മത്സരിച്ചത്. ദേശീയ സുരക്ഷ, പുനഃസ്ഥാപികാവുന്ന ഊര്‍ജ വ്യവസായം എന്നീ മേഖലകളിലാണ് രാജായുടെ സ്ഥാപനങ്ങള്‍.
അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പീറ്റര്‍ ജേക്കബിന്റെ തോല്‍വി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി. ന്യൂജെഴ്‌സിയില്‍ നിന്ന് മത്സരിച്ച പീറ്റര്‍ ജേക്കബ് 15% വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇന്ത്യന്‍ അമേരിക്കന്‍ വംശജരുടെ ശക്തമായ സാന്നിധ്യമുള്ള ഇവിടെ ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ പീറ്ററിന് കഴിഞ്ഞില്ല. കോട്ടയം വാഴൂര്‍ സ്വദേശിയാണ് പീറ്റര്‍ ജേക്കബ്. ഇവിടെ നിന്നും ലിയനാര്‍ഡോ ലാന്‍സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല