സ്വന്തം ലേഖകന്‍: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കല്‍, ജനജീവിതം സ്തംഭിക്കുന്നു, ശനിയും ഞായറും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും കടകളുല്‍ 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാതായതോടെ ജനജീവിതം പൂര്‍ണമായും സ്തംഭിച്ച മട്ടാണ്. റെയില്‍വേ സ്റ്റേഷനുകളിലും പെട്രോള്‍ പമ്പുകളിലും 500, 1000 നോട്ടുകള്‍ മാറിക്കിട്ടാനുള്ള തിക്കും തിരക്കും സംഘര്‍ഷത്തിലത്തെി.
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഭൂരിഭാഗവും വലിയ നോട്ടുകള്‍ സ്വീകരിച്ചെങ്കിലും ബാക്കി കൊടുക്കാന്‍ ചില്ലറയില്ലാതെ പ്രതിസന്ധിയിലായി. പെട്രോള്‍ ബങ്കുകള്‍ ചില്ലറ നല്‍കാതെ വലിയ തുകക്ക് ഇന്ധനം നിറച്ചുകൊടുക്കുകയായിരുന്നു. സഹകരണ ബാങ്കുകളില്‍ ഇടപാട് നടന്നില്ല. ബിസിനസ് മേഖലയും നിര്‍മാണരംഗവും നിശ്ചലമായി. കാര്‍ഡ് അടിസ്ഥാനത്തില്‍ വ്യാപാരം നടക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാത്രമാണ് തിരക്കുണ്ടായത്.
ഭൂമി കച്ചവടവും രജിസ്‌ട്രേഷനും പൂര്‍ണമായും സ്തംഭിച്ചു. ഏറെ നാള്‍ ഈ മേഖലയില്‍ പ്രതിസന്ധി തുടരാനാണ് സാധ്യത. മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിച്ചു. ദേശീയപാതയില്‍ ടോള്‍പിരിവ് പ്രതിസന്ധിയിലായി. 5001000 നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ വാഹനങ്ങളുടെ വലിയ നിര ബൂത്തുകളില്‍ രൂപപ്പെട്ടു.
ചില സര്‍വകലാശാലകള്‍ പരീക്ഷാഫീസിന് കൂടുതല്‍ സമയം നല്‍കിയിട്ടുണ്ട്. സംസ്ഥാന ട്രഷറിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ശനി, ഞായര്‍ അവധികള്‍ കൂടി വരുന്നതിനാല്‍ ട്രഷറി തടസ്സം നാലുദിവസം നീണ്ടേക്കും. വെള്ളി, ശനി ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പുകള്‍ അടുത്ത ആഴ്ചത്തേക്ക് മാറ്റി.അതേസമയം റിസര്‍വ് ബാങ്കില്‍ നിന്ന് പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിത്തുടങ്ങി. ബാങ്കുകള്‍ വ്യാഴാഴ്ച മുതലും എ.ടി.എമ്മുകള്‍ വെള്ളിയാഴ്ച മുതലും പ്രവര്‍ത്തിക്കും. എന്നാല്‍, അടുത്ത ഏതാനും ആഴ്ചകളില്‍ എ.ടി.എമ്മുകള്‍ വഴിയും ബാങ്ക് വഴിയും പണമിടപാടിന് നിയന്ത്രണമുണ്ട്.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യം പരിഗണിച്ച് 12 നും 13 നും (ഞായര്‍, ശനി) രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. പിന്‍വലിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. സാധാരണ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്.
കറന്‍സികള്‍ മാറ്റിനല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി ബുധനാഴ്ച ബാങ്കുകള്‍ക്ക് അവധി നല്‍കിയിരുന്നു. കൂടാതെ, രണ്ടു ദിവസം എല്ലാ എടിഎമ്മുകളും പ്രവര്‍ത്തന രഹിതമാണ്. പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എടിഎമ്മുകളില്‍ ലഭ്യമാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല