സ്വന്തം ലേഖകന്‍: നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം, മേല്‍നോട്ടം മോദി നേരിട്ട്, രഹസ്യം അറിയാമായിരുന്നത് മൂന്നു പേര്‍ക്കു മാത്രം.
അഞ്ഞൂറിന്റെയും ആയിരത്തിന്റെ നോട്ടുകള്‍ അസാധുവാക്കാനുള്ള നീക്കം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട്. കൂടാതെ ഇക്കാര്യം അറിയിച്ചിരുന്നത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ മാത്രമാണ്. എട്ടാം തീയതി മന്ത്രിസഭാ യോഗമുണ്ടാകുമെന്നും ഇന്ത്യജപ്പാന്‍ കരാറിന്റെ അംഗീകാരം മാത്രമാണ് മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയെന്നുമാണ് മന്ത്രിമാര്‍ക്ക് ലഭിച്ചിരുന്ന അറിയിപ്പ്.
എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് മന്ത്രിമാര്‍ പോലും വിവരം അറിയുന്നത്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള കാരണം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിമാരോട് വിശദീകരിച്ചു. നോട്ട് പിന്‍വലിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന നേട്ടം പ്രധാനമന്ത്രിയും വിശദീകരിച്ചു. രഹസ്യം ചോരാതിരിക്കാന്‍ കേന്ദ്രമന്ത്രിമാരെ ഒന്നര മണിക്കൂര്‍ ക്യാബിനറ്റ് റൂമില്‍ ഇരുത്തുകയും മൊബൈല്‍ ഫോണ്‍ വാങ്ങി വയ്ക്കുകയും ചെയ്തു.
നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗം വലിയ ചര്‍ച്ച കൂടാതെ തന്നെ അംഗീകരിച്ചു. ഇതിനിടെ റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. ഏഴ് മണിക്ക് മന്ത്രിസഭാ യോഗം കഴിഞ്ഞ ഉടന്‍ പ്രധാനമന്ത്രി രാഷ്ട്രപതിയെ കാണാന്‍ പോയി. ഈ സമയം മന്ത്രിമാര്‍ പുറത്തേക്ക് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ മൂന്നാഴ്ച മുന്‍പ് പുറത്തിറക്കിയതും ഇക്കാര്യം മുന്നില്‍ കണ്ടു കൊണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് മന്ത്രിമാര്‍ക്ക് പുറത്ത് പോകാനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല