സ്വന്തം ലേഖകന്‍: എല്ലാം ശരിയാക്കാന്‍ 50 ദിവസം സമയം തരൂ, വികാരഭരിതനായി നരേന്ദ്ര മോഡി, എടിഎമ്മില്‍ നിന്നും ബാങ്കില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന് ഇളവുകള്‍ പ്രഖ്യാപിച്ചു, പുതിയ 500 രൂപാ നോട്ടുകള്‍ എത്തിത്തുടങ്ങി. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതു മൂലമുണ്ടായ പ്രയാസങ്ങള്‍ 50 ദിവസത്തിനപ്പുറം നീളില്ലെന്നും രാജ്യത്തിനു നേടാന്‍ ഏറെയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. ഏറെ പ്രതീക്ഷകളോടെയാണ് ജനങ്ങള്‍ ഈ സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. അവര്‍ ആവശ്യപ്പെട്ടതാണു സര്‍ക്കാര്‍ നടപ്പാക്കുന്നത്. കള്ളപ്പണത്തിനെതിരേ നടപടിയെടുക്കുമെന്ന വാഗ്ദാനം പാലിക്കാനുള്ള നടപടികള്‍ക്ക് മന്ത്രിസഭയുടെ ആദ്യത്തെ യോഗത്തില്‍ത്തന്നെ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിക്കൊണ്ടു തുടക്കമിട്ടു. 50 ദിവസത്തേക്കു ക്ഷമിക്കുക, ഈ ശുദ്ധികലശം പൂര്‍ത്തിയാക്കും ഗോവയിലെ പനജിയിലും കര്‍ണാടകയിലെ ബേലഗാവിയിലെയും പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി പറഞ്ഞു.
70 വര്‍ഷം കൊണ്ടു കൊള്ളയടിച്ചതെല്ലാം നഷ്ടപ്പെടുന്നതില്‍ പരിഭ്രാന്തരായവരാണ് തനിക്കെതിരേ വാളെടുത്തിരിക്കുന്നത്. അവരെ നേരിടാന്‍ തയാറാണ്. അധികാരത്തില്‍ തുടരാനായി വിട്ടുവീഴ്ച ചെയ്യില്ല. എന്റെ ഉദ്ദേശ്യങ്ങളിലോ നടപടികളിലോ വീഴ്ച കണ്ടെത്തിയാല്‍ എന്നെ പരസ്യമായി തൂക്കിലേറ്റുക. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇന്ത്യയെ യാഥാര്‍ഥ്യമാക്കും ഒരേസമയം ആക്രമണോത്സുകവും വികാരപരവുമായ വാക്കുകളില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘ഞാന്‍ അധികാര കസേരയിലിരിക്കാന്‍ ജനിച്ചതല്ല. കുടുംബവും ഗ്രാമവുമടക്കം, എനിക്കുള്ളതെല്ലാം രാജ്യത്തിനു വേണ്ടി ഉപേക്ഷിച്ചതാണ്. ഞാന്‍ ദാരിദ്ര്യം കണ്ടിട്ടുണ്ട്. ജനങ്ങളുടെ പ്രയാസം എനിക്കു മനസിലാകും.’
വിധവയായ അമ്മയെ തിരിഞ്ഞു നോക്കാതിരുന്നവര്‍ ഇപ്പോള്‍ അമ്മയുടെ അക്കൗണ്ടില്‍ രണ്ടര ലക്ഷം രൂപ നിക്ഷേപിക്കുകയാണ്. ആഭരണങ്ങള്‍ വാങ്ങുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ട പാര്‍ലമെന്റംഗങ്ങള്‍ നിരവധിയാണ്. ആ കത്തുകള്‍ പുറത്തുവിട്ടാല്‍ അവ ര്‍ക്കു സ്വന്തം മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല.
സത്യസന്ധരെ ബുദ്ധിമുട്ടിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല, കള്ളത്തരക്കാരെ വെറുതേ വിടില്ല. അഴിമതിയുടെ 70 വര്‍ഷത്തെ ചരിത്രം തുറന്നുകാട്ടും. കല്‍ക്കരി, 2ജി തുടങ്ങി വന്‍ കുംഭകോണങ്ങള്‍ നടത്തിയവരാണ് ഇപ്പോള്‍ 4,000 രൂപയുടെ നോട്ട് മാറ്റാനായി ക്യൂവില്‍ നില്‍ക്കുന്നതെന്ന് മോഡി പരിഹസിച്ചു. അഴിമതിക്കും കള്ളപ്പണത്തിനും എതിരായ ഈ നടപടി ഒരു തുടക്കം മാത്രം. ഇന്ത്യയെ അഴിമതിമുക്തമാക്കാന്‍ കൂടുതല്‍ നടപടികള്‍ പരിഗണനയിലുണ്ട്. ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കും. വിദേശത്തേക്കു കടത്തിയ കള്ളപ്പണം കണ്ടെത്തും. അത് ഈ സര്‍ക്കാരിന്റെ കടമയാണ്. അനധികൃത സമ്പാദ്യം നികുതിയും പിഴയുമടച്ച് നിയമവിധേയമാക്കാന്‍ നല്‍കിയ ആനുകൂല്യം രാജ്യത്തിന് 67,000 കോടി രൂപയാണു നേടിത്തന്നത്.
വിവിധ നടപടികളിലൂടെ രണ്ടു വര്‍ഷത്തിനിടെ കണ്ടെത്തിയ കള്ളപ്പണം ഒന്നേകാല്‍ ലക്ഷം കോടിയുടേതാണ്. ഇനിയും ഒളിച്ചുവയ്ക്കുന്നവര്‍ നടപടികളുടെ ശക്തി അഭിമുഖീകരിക്കേണ്ടിവരും. ചുരുക്കം പേര്‍ മാത്രമറിഞ്ഞ് 10 മാസം മുമ്പു തുടങ്ങിയ നടപടികളാണ് കഴിഞ്ഞ എട്ടിലെ പ്രഖ്യാപനത്തിലെത്തിയത്. അത് അതീവരഹസ്യമാക്കി വയ്‌ക്കേണ്ടത് അനിവാര്യമായിരുന്നു. കോടിക്കണക്കിനു ജനങ്ങള്‍ സുഖമായുറങ്ങി. കള്ളപ്പണക്കാര്‍ക്കു മാത്രമാണ് ഉറക്കം നഷ്ടപ്പെട്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതിനിടെ പണം പിന്‍വലിക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി എ.ടി.എമ്മില്‍ നിന്ന് പ്രതിദിനം 2500 രൂപ പിന്‍വലിക്കാം. ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 24000 രൂപ വരെ പിന്‍വലിക്കാനും കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കി. അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പ്രതിദിനം 4500 രൂപ വരെ മാറ്റി നല്‍കും. ചെക്കുകള്‍ സ്വീകരിക്കാന്‍ ആശുപത്രികള്‍ക്കും വ്യാപാര സ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.പഴയ നോട്ടുകള്‍ 4000 രൂപ വരെ മാത്രമേ മാറ്റി നല്‍കാവൂ എന്നായിരുന്നു നേരത്തെയുള്ള നിര്‍ദ്ദേശം. എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2000 രൂപയായും നിശ്ചയിച്ചിരുന്നു.
ഒപ്പം ജനത്തിന് ആശ്വാസം പകര്‍ന്ന് രാജ്യത്തിന്റെ വിവധ ഇടങ്ങളില്‍ പുതിയ 500 രൂപ നോട്ട് വിതരണം ചെയ്തു തുടങ്ങി. നാസികിലെ കറന്‍സി നോട്ട് പ്രസില്‍ നിന്ന് 500 രൂപയുടെ 50 ലക്ഷം നോട്ടുകളാണ് റിസര്‍വ് ബാങ്കിന് കൈമാറിയത്. ഈ നോട്ടുകള്‍ പരിശോധനയ്ക്ക് ശേഷം ഏതാനും ബാങ്കുകള്‍ വഴി വിതരണം ചെയ്ത് തുടങ്ങി. വരും ദിനങ്ങളില്‍ രാജ്യത്താകമാനം 500 രൂപനോട്ടുകള്‍ ലഭ്യമാക്കുന്നതോടെ നോട്ട് പ്രതിസന്ധി ഏറെക്കുറെ ലഘുകരിക്കാനാകുമെന്നാണ് കരുതുന്നത്. വിപണിയില്‍ നിന്ന് പിന്‍വലിച്ച 1000, 500 നോട്ടുകള്‍ക്ക് പകരം പുതിയ 2000 രൂപ നോട്ടുകളാണ് ബാങ്കുകള്‍ വിതരണം ചെയ്തിരുന്നത്. ഇത് വിപണിയില്‍ ചില്ലറ ക്ഷാമം രൂക്ഷമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല