സ്വന്തം ലേഖകന്‍: ദേശീയതലത്തില്‍ സി.പി.എമ്മുമായി അടുക്കാന്‍ മമതാ ബാനര്‍ജി, ബലം പിടിച്ച് സിപിഎം കേന്ദ്ര നേതൃത്വം. രാജ്യത്തെ രക്ഷിക്കുന്നതിന് ആശയപരമായ വിയോജിപ്പുകള്‍ മാറ്റിവച്ച് സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി വ്യക്തമാക്കി. കൂടാതെ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി എന്നീ പാര്‍ട്ടികളുമായും കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് മമത പറഞ്ഞു.
മോഡി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മമത രാഷ്ട്രീയ വൈരികളുമായി യോജിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കിയ നടപടി പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നതിന് നിരവധി ബാങ്ക് ശാഖകളില്‍ താന്‍ സന്ദര്‍ശനം നടത്തി. രണ്ട് ലക്ഷത്തിലധികം എ.ടി.എമ്മുകള്‍ അടഞ്ഞ് കിടക്കുകയാണ്. ജനങ്ങള്‍ പ്രതിസന്ധിയിലാണെന്നും മമത പറഞ്ഞു.
ഒരു ശതമാനം ആളുകളുടെ കയ്യിലാണ് കള്ളപ്പണമുള്ളത്. അതിന്റെ പേരില്‍ 99 ശതമാനം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും മമത പറഞ്ഞു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഫോണില്‍ വിളിച്ചാണു മമത സഹകരണം തേടിയത്. യാത്രയിലാണെന്നും പാര്‍ട്ടിയില്‍ ആലോചിക്കാതെ മറുപടി പറയാന്‍ പറ്റില്ലെന്നും യെച്ചൂരി മറുപടി നല്കി.
എന്നാല്‍ അഴിമതിക്കാരായ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള വിറളിയാണ് മമതക്കെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. ശാരദാ, നാരദാ അഴിമതിയില്‍പ്പെട്ട സ്വന്തം നേതാക്കന്മാരെ രക്ഷിക്കാനുള്ള ഗതികെട്ട വിളിയാണു മമത നടത്തിയതെന്ന് മുതിര്‍ന്ന സി.പി.എം. നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല