സ്വന്തം ലേഖകന്‍: നടി രേഖ മോഹന്റെ മരണം ആഹ്മഹത്യയെന്ന് സൂചന, കാരണം അര്‍ബുദ രോഗവും കുട്ടികളില്ലാതിരുന്നതുമെന്ന് നിഗമനം. തൃശൂരിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി രേഖ മോഹന്‍ ജീവനൊടുക്കിയത് അര്‍ബുദ രോഗവും കുട്ടികളില്ലാത്തതിന്റെ ദുഃഖവും കാരണമാണെന്നാണ് പ്രാഥമിക നിഗമനം. വിയ്യൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
തൃശൂരിലെ ശോഭ സിറ്റിയിലെ ഫ്ലാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡൈനിംഗ് ടേബിളില്‍ തല ചായ്ച്ച് വച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫ്ലാറ്റിലേക്ക് വിളിച്ചിട്ടും മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇവരുടെ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്.
അഞ്ച് ദിവസം മുന്‍പാണ് രേഖയുടെ ഭര്‍ത്താവ് മോഹന്‍ മലേഷ്യയിലേക്ക് പോയത്. രണ്ട് ദിവസമായി ഫ്ലാറ്റിലേക്ക് വിളിച്ചിട്ടും കിട്ടുന്നുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് മോഹന്‍ ഡ്രൈവറെ വിളിക്കുകയും ഡ്രൈവര്‍ പേരാമംഗലം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് പോലീസ് എത്തിയാണ് ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് അകത്ത് കടന്നത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. സിനിമ, സീരിയല്‍ രംഗത്ത് നിരവധി വേഷങ്ങളിലൂടെ സുപരച്ചിതയായിരുന്നു രേഖ മോഹന്‍. ഉദ്യാനപാലകന്‍, നീ വരുവോളം, യാത്രാമൊഴി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്ത്രീജന്മം, മായമ്മ എന്നീ സീരിയലുകളിലെ വേഷങ്ങളും രേഖയെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല