1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2016

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് രഹസ്യ രേഖ പുറത്തുവിട്ട് ടൈംസ് പത്രം, യൂറോപ്യന്‍ യൂനിയനില്‍നിന്ന് ഉടന്‍ പുറത്തുപോകാന്‍ ബ്രിട്ടീഷ് സര്‍ക്കാറിന് പദ്ധതിയില്ലെന്ന് സൂചന. ബ്രെക്‌സിറ്റിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന രേഖ, ആറു മാസത്തേക്കെങ്കിലും പദ്ധതിക്ക് അംഗീകാരം ലഭിക്കില്ലെന്നും പറയുന്നു. ‘ബ്രെക്‌സിറ്റ് അപ്‌ഡേറ്റ്’ എന്ന തലക്കെട്ടില്‍ നവംബര്‍ ഏഴിന് കാബിനറ്റിന്, കണ്‍സല്‍ട്ടന്റ് നല്‍കിയ രേഖയാണ് ‘ദി ടൈംസ്’ പത്രം പുറത്തുവിട്ടത്.

പാര്‍ലമെന്റ് അംഗീകാരം കൂടാതെ ബ്രെക്‌സിറ്റിന് അംഗീകാരം നല്‍കാനാകില്ലെന്ന് ഈ മാസം ബ്രിട്ടീഷ് ഹൈകോതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ സമ്മര്‍ദത്തിലായ തെരേസ മെയ്ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നതാണ് രേഖ പുറത്തായ സംഭവം.രേഖയില്‍ പറയുന്ന വിഷയങ്ങള്‍ തെരേസ മെയ് തള്ളി. എന്നാല്‍, ബ്രെക്‌സിറ്റിന് സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന പദ്ധതി പുറത്തുവിടണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരിക്കുകയാണ്.

ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് അഞ്ഞൂറിലേറെ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചിട്ടുണ്ട്. ഇവ പൂര്‍ത്തിയാക്കുന്നതിന് 30,000 സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരെയെങ്കിലും ആവശ്യമാണ്. അതുപ്രകാരം ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നില്ല. നിയമനത്തിന് പണമില്ലെന്ന് ചൂണ്ടിക്കാട്ടി കാബിനറ്റും ട്രഷറിയും ഇതിന് തടസ്സംനില്‍ക്കുന്നു. ഉന്നതതല ചര്‍ച്ചകളല്ലാതെ, പൊതുവായ ഒരു രൂപരേഖ തയാറാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതം നേരിടാന്‍ താഴെതട്ടിലുള്ള ഓരോ വകുപ്പുകളും പദ്ധതി തയാറാക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍ഗണനയനുസരിച്ച് ഒന്നും ആസൂത്രണം ചെയ്തിട്ടില്ലെന്നും ദി ടൈംസ് പുറത്തുവിട്ട രേഖയില്‍ പറയുന്നു. ബ്രെക്‌സിറ്റുണ്ടായാല്‍ നഷ്ടം സംഭവിക്കില്ലെന്ന് കാര്‍ നിര്‍മാതാക്കളായ നിസാനിന് ഉറപ്പുനല്‍കിയതുപോലെ മറ്റു പല പ്രമുഖര്‍ക്കും ഉറപ്പുനല്‍കേണ്ടിവരുമെന്നും രേഖ മുന്നറിയിപ്പ് നല്‍കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.