സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശുകാരനായ കല്പ്പണിക്കാരന്റെ അക്കൗണ്ടില്‍ ഒറ്റ രാത്രിയില്‍ വീണത് 65 ലക്ഷം രൂപ!. ഉത്തര്‍പ്രദേശില്‍ നിന്നെത്തി മുംബൈയില്‍ ജോലി ചെയ്യുന്ന അജയ് കുമാര്‍ പട്ടേലിന്റെ അക്കൗണ്ടിലാണ് ഒരു ദിവസം കൊണ്ട് 65 ലക്ഷം രൂപയുടെ നിക്ഷേപം എത്തിയത്. ഒന്നര ദശകമായി നലാസോപാറയില്‍ ജോലി ചെയ്യുന്ന അജയ് കുമാറിന് തിങ്കളാഴ്ച പുലര്‍ച്ചെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചതായി മെസേജ് വരികയായിരുന്നു.
എല്ലാം ആദ്യം തട്ടിപ്പ് സന്ദേശം എന്ന രീതിയില്‍ അവഗണിക്കച്ച ഇയാള്‍ തിങ്കളാഴ്ച ദീപാവലി ആഘോഷമെല്ലാം കഴിഞ്ഞു വീണ്ടും ജോലിക്കായി മുംബൈയിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം മനസ്സിലായത്.കയ്യില്‍ പൈസ ഇല്ലാതിരുന്നതിനാല്‍ അക്കൗണ്ടില്‍ നിന്നും പണം പിന് വലിക്കാന്‍ പ്രതാപ്ഗറിലെ ബാബാഗഞ്ചിലേക്ക് പോകാന്‍ ഗ്രാമത്തലവന് ചഞ്ചല്‍ സിംഗിനോട് 200 രൂപ കടം വാങ്ങി. അവിടെയെത്തി പരിശോധിച്ചപ്പോള്‍ അക്കൗണ്ട് മരവിപ്പിച്ചതായി കണ്ടെത്തി.
തുടര്‍ന്ന് വീണ്ടും 62 ലക്ഷം അക്കൗണ്ടില്‍ ഉള്ളതായി സന്ദേശം വീണ്ടും വായിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നലാസോപാര വെസ്റ്റ് ബ്രാഞ്ചില്‍ തുടങ്ങിയ അക്കൗണ്ടില്‍ എവിടെ നിന്നുമാണ് പണം വന്നതെന്ന് മാത്രം വ്യക്തമായിരുന്നില്ല. പിന്നീട് ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ നിന്നും കോള്‍ വരികയും ബ്രാഞ്ചില്‍ ഉടന്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്റെ വീട് യുപിയില്‍ ആണെന്ന് മറുപടി നല്കി. തുടര്‍ന്ന് നാട്ടുതലവന്റെയോ മജിസ്ട്രേറ്റിന്റെയോ സാക്ഷ്യപ്പെടുത്തിയ ഒരു കത്ത് നല്കാന് ഫോണ്‍ ചെയ്തയാള്‍ ആവശ്യപ്പെട്ടെന്നും പട്ടേല്‍ പറയുന്നു.
പണം തന്റെയല്ലെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു ചെയ്താലും തനിക്ക് പ്രശ്നമില്ലെന്നും നിലവില്‍ വീട്ടില്‍ ഒരു പണവും ഇല്ലാത്ത സാഹചര്യത്തില്‍ തന്റെ പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ബാങ്ക് മാനേജറെ അറിയിച്ചതായും പട്ടേല്‍ പറഞ്ഞു. പിതാവിന്റെ ചികിത്സയ്ക്ക് പണം വേണം. അജയ്ക്ക് സംഭവിച്ചത് തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും ആവശ്യമെങ്കില്‍ കത്ത് നല്കാന് തയ്യാറാണെന്നും ചഞ്ചല്സിംഗ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല