സ്വന്തം ലേഖകന്‍: സിറിയയുടെ മേല്‍ ഉപരോധം ചുമത്താനുള്ള പ്രമേയം യു.എസ് ജനപ്രതിനിധിസഭ പാസാക്കി, പ്രമേയത്തില്‍ റഷ്യക്കും ഇറാനുമെതിരെ ഒളിയമ്പുകള്‍. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന വോട്ടെടുപ്പിലാണ് പ്രമേയം പാസായതെന്നതും ശ്രദ്ധേയമാണ്. സിറിയയെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിട്ട സിറിയന്‍ സര്‍ക്കാര്‍ വരുത്തിവെച്ച മാനുഷിക ദുരന്തം ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കിയത്.
അഞ്ചുവര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ അഞ്ചുലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയ ബശ്ശാര്‍ അല്‍അസദിന്റെ നടപടി യുദ്ധക്കുറ്റമാണെന്ന് ജനപ്രതിനിധി സഭാംഗങ്ങള്‍ വിലയിരുത്തി. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ കുത്തൊഴുക്കിനും ഐ.എസിന്റെ വളര്‍ച്ചക്കും യുദ്ധം കാരണമായി.
മനുഷ്യയാതനയുടെ പുതിയ അധ്യായമാണ് സിറിയയില്‍നിന്ന് പഠിച്ചതെന്ന് റിപ്പബ്ളിക്കന്‍ പ്രതിനിധിയും വിദേശകാര്യ കമ്മിറ്റി ചെയര്‍മാനുമായ ഇദ് റൊയ്സ് പറഞ്ഞു. പുതിയ നിയമമനുസരിച്ച് സിറിയന്‍ വാണിജ്യ എയര്‍ലൈന്‍സിന് വിമാനങ്ങള്‍ നല്കുന്ന കമ്പനികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗതാഗതവാര്‍ത്താ വിനിമയഊര്ജ വകുപ്പുകളുമായി വ്യാപാരത്തിലേര്‍പ്പെടുന്ന സ്ഥാപനങ്ങളും ഉപരോധത്തിന്റെ പരിധിയില്‍ വരും.
ഇറാനും റഷ്യയും ഉള്‍പ്പെടെ ബശ്ശാര്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന രാജ്യങ്ങളെ പ്രമേയത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ആവശ്യമെങ്കില്‍ ഈ രാജ്യങ്ങള്‍ക്കെതിരേയും ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് സര്‍ക്കാരിന് പ്രമേയം അധികാരം നല്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല