സ്വന്തം ലേഖകന്‍: വൃക്ക രോഗം, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍, വൃക്ക മാറ്റിവക്കല്‍ വേണ്ടിവരുമെന്ന് സൂചന. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ സുഷമ സ്വരാജ് തന്നെയാണ് തന്റെ രോഗ വിവരം അറിയിച്ചത്. നിലവില്‍ ഡയാലിസിസ് നടത്തി വരുന്ന താന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ടെസ്റ്റുകള്‍ നടത്തി വരികയാണെന്നും ഭഗവാന് കൃഷ്ണന് അനുഗ്രഹിക്കുമെന്ന് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
സുഷമയുടെ ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ലെന്നും കുറച്ച് ദിവസത്തേയ്ക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായുള്ള പരിശോധനയ്ക്കായി നവംബര്‍ ഏഴ് മുതല്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് സുഷമ സ്വരാജ്.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ സുഷമയെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.പനിയും ന്യൂമോണിയയും അന്ന് സ്ഥിരീകരിച്ചിരുന്നു. കഠിനമായ പ്രമേഹം മൂലം വൃക്കയെ ബാധിക്കുകയായിരുന്നെന്നും ആരോഗ്യ നിലയില്‍ ആശങ്കവേണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുപത് വര്‍ഷമായി അറുപത്തിനാല് കാരിയായ സുഷമ സ്വരാജ് പ്രമേഹരോഗബാധിതയാണ്. മറ്റ് മന്ത്രിമാര്‍ക്കിടയില്‍ നിന്നും വേറിട്ട് നില്ക്കുന്ന കേന്ദ്ര മന്ത്രിയായിരുന്ന സുഷമ സ്വരാജ് പ്രവര്‍ത്തന മികവും പെരുമാറ്റവുംകൊണ്ട് കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവര്ക്കും പ്രിയങ്കരിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല