സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗ്ഗക്കാരനെ ശവപ്പെട്ടിയിലാക്കി ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന വെള്ളക്കാര്‍, ദക്ഷിണാഫ്രിക്കയില്‍ വീണ്ടും വംശീയതാ വിവാദം കത്തിപ്പിടിക്കുന്നു. കൃഷിഭൂമി മുറിച്ചു കടന്നതിനാണ് കറുത്ത വര്‍ഗ്ഗക്കാരനെ ശവപ്പെട്ടിയിലാക്കി ജീവനോടെ കത്തിക്കുമെന്ന് വെള്ളക്കാര്‍ ഭീഷണിപ്പെടുത്തിയത്. സംഭവത്തെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കു നേരെയുള്ള കയ്യേറ്റമെന്നും അടിമത്തമെന്നും വിശേഷിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ സംഘടനകള്‍ രംഗത്തെത്തി.
സംഭവത്തില്‍ വില്യം ഊസ്തൂയിസന്‍, തിയോ ജാക്‌സണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികാരം ചെയ്യണമെന്ന ആവശ്യവുമായി 200 ലധികം കറുത്ത വര്‍ഗ്ഗക്കാരാണ് കോടതിയില്‍ തടിച്ചുകൂടിയത്. സംഭവം വംശീയ കലാപം തന്നെയുണ്ടാക്കാന്‍ പര്യാപ്തമാണെന്ന് മിഡില്‍സ്ബറോ കോടതി ആശങ്ക രേഖപ്പെടുത്തി.
കഴിഞ്ഞയാഴ്ചയാണ് ദൃശ്യം വൈറലായി പ്രചരിച്ചത്. വിക്ടര്‍ റെത്താബില്‍ മ്ലോത്ഷ്‌വാ എന്നയാളെയാണ് ശവപ്പെട്ടിയിലാക്കിയത്. നിനക്കൊപ്പം പാമ്പിനെ ഇടുമെന്നും പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും പ്രതികള്‍ പറയുകയും ഇരയുടെ തല അകത്തേക്ക് തള്ളി മൂടുകയും ചെയ്യുന്നുണ്ട്. വിചാരണ നടക്കുമ്പോള്‍ മ്ലോത്ഷ്‌വാ പൊതുജനങ്ങളുടെ ഇരിപ്പിടത്തിലെ മുന്‍ വരിയില്‍ തന്നെയുണ്ടായിരുന്നു.
വെള്ളക്കാരുടെ ധാര്‍ഷ്ട്യത്തിനെതിരേ കുരിശുയുദ്ധം തന്നെ നടത്താന്‍ പ്രതിപക്ഷമായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് ആഹ്വാനം ചെയ്തു. വെള്ളക്കാരുടെ ആധിപത്യത്തില്‍ നിന്നും 22 വര്‍ഷം മുമ്പ് മോചിതമായെങ്കിലും വര്‍ണ്ണ വിവേചനത്തിന്റെ അലയൊലികള്‍ ഇപ്പോഴുമുണ്ടെന്നതിന്റെ സൂചനയാണ് 20 സെക്കന്റ് നീണ്ട വീഡിയോയില്‍ ഉള്ളത്.
സംഭവത്തെക്കുറിച്ച് മ്ലോത്ഷ്‌വിക്കൊപ്പം ഉണ്ടായിരുന്ന ബുയിസേനി ലൊസി പറയുന്നത് ഇങ്ങനെ. രണ്ടുപേരും വീട്ടിലേക്ക് നടന്നു വരികയായിരുന്നു. പ്രതികളുടെ ബ്‌ളിങ്ക്പാനിലെ കോഴിഫാമിന് സമീപത്തുകൂടി വരുമ്പോള്‍ അവര്‍ പിടിക്കപ്പെട്ടു. ബുയിസേനി ഓടി രക്ഷപ്പെട്ടു. എന്നാല്‍ മ്‌ളോത്ഷ്‌വിയെ അവര്‍ പിടിച്ചു നിര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്തു. സാധാരണഗതിയില്‍ ജനങ്ങള്‍ കൃഷിയിടങ്ങള്‍ മുറിച്ചു കയറി വീട്ടിലേക്ക് പോകാറുള്ളത് പതിവാണെന്നും ഇയാള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല