സ്വന്തം ലേഖകന്‍: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം മൂന്നു ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് മമതാ ബാനര്‍ജി, കേജ്രിവാളുമായി കൈകോര്‍ത്ത് വന്‍ പ്രക്ഷോഭത്തിന് പദ്ധതി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇരു നേതാക്കാളും വ്യക്തമാക്കി.
സാധാരണക്കാരാണ് ദുരിതം അനുഭവിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്ന് ദിവസംകൂടി അനുവദിക്കുകയാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാത്തപക്ഷം സര്‍ക്കാരിനെ വെറുതെ വിടില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് മോദിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മമത ആരോപിച്ചു. ഡല്‍ഹിയിലെ ആസാദ്പുര്‍ മണ്ഡിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം നടത്തിയ റാലിയ്ക്കിടെയാണ് മമത കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.തീരുമാനം പിന്‍വലിക്കുന്നതു വരെ പ്രതിക്ഷേധം തുടരുമെന്നും നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളെ ജയിലില്‍ അടയ്ക്കു അല്ലെങ്കില്‍ ഞങ്ങള്‍ പോരാട്ടം തുടരുമെന്നും മമത ബാനര്‍ജി പറഞ്ഞു.
വിജയ് മല്യയെ രാജ്യത്തു നിന്ന് പുറത്തു കടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിച്ചെന്നും സാധാരണ ജനങ്ങള്‍ എടിഎമ്മിന്റെ മുന്നില്‍ ക്യൂ നില്ക്കുമ്പോള് മല്യ ലണ്ടനില്‍ സുഖജീവിതം നയിക്കുകയാണെന്നു കേജരിവാള്‍ കുറ്റപ്പെടുത്തി. 2000 രൂപ പുറത്തിറക്കിയതിലൂടെ കള്ളപ്പണവും അഴിമതിയും എങ്ങനെ തടയാനാകുമെന്ന് മനസിലാകുന്നില്ലെന്നും അരവിന്ദ് കെജ്രിവാള് പറഞ്ഞു. റാലിക്കുശേഷം ഇരുനേതാക്കളും ഡല്‍ഹി ആര്.ബി.ഐ ഓഫീസിന് പുറത്ത് ക്യൂ നില്ക്കുന്ന സാധാരണക്കാരെ സന്ദര്‍ശിച്ച് ബുദ്ധിമുട്ടുകളെപ്പറ്റി ആരാഞ്ഞു.
അതേസമയം, അസാധുവാക്കിയ 1000, 500 രൂപാ നോട്ടുകള്‍ ബാങ്ക് മുഖേന മാറ്റിയെടുക്കുന്നതിനുള്ള പരിധി 4500 രൂപയായിരുന്നത് 2000 ആയി കുറച്ചു. നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്നു മുതല്‍ ഒരാള്‍ക്ക് 2000 രൂപ മാത്രമേ ബാങ്കില്‍ നിന്നു പണമായി മാറ്റിവാങ്ങാനാകൂ. നോട്ട് മാറ്റിവാങ്ങല് സൗകര്യം പലരും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് വിരലില്‍ മഷി പുരട്ടാന്‍ തീരുമാനിച്ചതിനു പിന്നാലെ പരിധി കുറച്ചതെന്നു കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വിശദീകരിച്ചു.
കറന്‍സികള്‍ മാറ്റി വാങ്ങാന്‍ ചെല്ലുന്നവരുടെ വിരലുകളില്‍ മഷി പുരട്ടിത്തുടങ്ങി. കേരളത്തിലടക്കം എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആകാത്തത് ജനങ്ങളെ വലക്കുകയാണ്. നഗരങ്ങളില്‍ ചില എ.ടി.എമ്മുകളില്‍ പണം ഉണ്ടായിരുന്നെങ്കിലും ഗ്രാമങ്ങളിലെ എ.ടി.എമ്മുകളില്‍ ഇതുവരെ പണം നിറച്ചുതുടങ്ങിയിട്ടില്ല. ചില്ലറയും ലഭ്യമല്ലാതായതോടെ ഗ്രാമീണ മേഖലയില്‍ ദുരിതം രൂക്ഷമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല