1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2016

ഫാ. ബിജു ജോസഫ്: അല്‍മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിന് അവസരമൊരുക്കി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അംഗീകാരമുള്ള കോഴ്‌സിന്റെ ഉത്ഘാടനം ശനിയാഴ്ച
ഡിപ്ലോമ, ബിരുദ, ബിരുദാനന്തര തലങ്ങളില്‍ അല്മായര്‍ക്ക് ദൈവശാസ്ത്ര പഠനത്തിന് വഴി തുറന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ പൊതു സംരംഭം നാളെ 19 ശനിയാഴ്ച ഗ്ലോസ്റ്ററില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് കോഴ്‌സ് രജിസ്‌ട്രേഷന്‍ ഉത്ഘാടനം ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെയും തലശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബൈബിള്‍ സ്റ്റഡീസും’ സംയുക്തമായാണ് ഈ പഠനാവസരം ഒരുക്കുന്നത്. പ്രശസ്ത ബൈബിള്‍ പണ്ഡിതനായ റവ. ഡോ. ജോസഫ് പാംസ്താനിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററും കോഴ്‌സിന് നേതൃത്വം നല്‍കുന്നതും.

രണ്ടു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്, മൂന്നു വര്‍ഷത്തെ ബിരുദ കോഴ്‌സ് (ബി എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് 2 / പി.ഡി.സി), രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സ് (എം.എ ഡിഗ്രി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി) എന്നിവയാണ് തുടക്കത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡിപ്ലോമ കോഴ്‌സിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്രിസ്ത്യന്‍ ചെയറിന്റെ അംഗീകാരവും ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരമുള്ള സായിനാഥ് യൂണിവേഴ്‌സിറ്റി, നോര്‍ത്ത് ഈസ്റ്റ് ഫ്രന്റിയര്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ അംഗീകാരവും ഉണ്ടായിരിക്കും. ബൈബിള്‍, തിരുസഭാ ചരിത്രം, ആരാധനാക്രമം എന്നിവ പ്രധാന പഠന വിഷയങ്ങളാകുമ്പോള്‍, ബൈബിള്‍ മൂലഭാഷകളായ ഗ്രീക്ക്, ഹീബ്രു എന്നിവ ഐച്ഛികമായി പഠിക്കുന്നതിനും അവസരമുണ്ടായിരിക്കും.

പഠിതാക്കളുടെ സൗകര്യാര്‍ത്ഥം ‘ഓണ്‍ലൈന്‍’ ആയി നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് പ്രഗത്ഭരായ അധ്യാപകര്‍ നേതൃത്വം നല്‍കുമ്പോള്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് കോണ്‍ടാക്ട് ക്‌ളാസുകളും നടത്തപ്പെടുന്നു. ഓരോ വിഷയങ്ങളും ആധികാരമായി പ്രതിപാദിക്കുന്ന ടെക്സ്റ്റ് ബുക്കുകളും ലഭ്യമായിരിക്കും.

വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ദൈവ ശാസ്ത്ര വിഷയ പഠനങ്ങള്‍ക്കായി നാട്ടില്‍ പല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും യുകെയില്‍ ഇങ്ങനെയൊരു സംരംഭം ആദ്യമായാണ്. സഭയെ കുറിച്ചുള്ള ആഴമായ അറിവില്‍ വിശ്വാസികള്‍ വളരണമെന്ന സഭയുടെ ആഗ്രഹത്തിന്റെ തെളിവാണ് ഈ പുതിയ പഠനാവസരമെന്ന് രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. അറിയപ്പെടുന്ന ധ്യാനഗുരുവും ദൈവശാസ്ത്രജ്ഞനും ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടര്‍ ബിരുദവുമുള്ള റവ. ഫാ. ജോസഫ് പാംസ്താനിയാണ് കോഴ്‌സിന് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴ്‌സ് കോര്‍ഡിനേറ്റര്‍ റവ. ഫാ. ജോയ് വയലിലിനെ ബന്ധപ്പെടേണ്ടതാണ്.

ഫോണ്‍: 07846554152

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.