സ്വന്തം ലേഖകന്‍: ഇറാക്കിലെ മൊസൂളില്‍ നിന്നും സിറിയയിലേക്ക് ആയിരങ്ങളുടെ കൂട്ടപലായനം, സ്ഥിതി അതീവ ഗുരുതരമെന്ന് നിരീക്ഷകര്‍. ഐഎസിനെതിരായ യുദ്ധം ഇറാക്ക് സൈന്യം ശക്തമാക്കിയതോടെ മൊസൂളില്‍നിന്നും ഇതുവരെ ഏകദേശം 14,000 ആളുകളാണ് സിറിയയിലേക്ക് കടന്നതെന്നാണ് കണക്കുകള്‍. ഐഎസിന്റെ ശക്തി കേന്ദ്രമായ മൊസൂള്‍ പിടിക്കാനുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് ഇവിടെ ഇറാക്ക് സൈന്യം.
സിറിയയിലെ ഹസാക്ക പ്രവിശ്യയിലേക്കു മാത്രം 8,000 പേര് അഭയാര്‍ഥികളായെത്തി. ചിലര്‍ അല്‍ ഹോള്‍ അഭയാര്‍ഥി ക്യാമ്പിലാണുള്ളത്. മൊസൂളില്‍ ഐഎസിന്റെ കീഴില്‍നിന്ന് സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിലേക്കാണ് പലയാളുകളും എത്തുന്നത്. സിറിയയിലെ ഐഎസിന്റെ ശക്തി കേന്ദ്രമായ രാഖയിലേക്ക് 5,000 പേരാണ് എത്തിയത്. ദീര് അസ് സോര്‍, ആലപ്പോ, ഇഡ്ലിബ് എന്നീ ഐഎസ് കേന്ദ്രങ്ങളിലേക്കും ആളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരാരും അഭയാര്‍ഥി ക്യാമ്പുകളിലല്ല തങ്ങുന്നത്.
ഇറാക്കി കുര്‍ദിഷ് പ്രദേശങ്ങളിലേക്ക് പോകുന്നതിനു ഭയമുള്ളതിനാലാണ് ഐഎസ് സ്വാധീന മേഖലകളിലേക്ക് ജനങ്ങള്‍ നീങ്ങുന്നത്. ഇറാക്കി കുര്‍ദിഷ് പ്രദേശങ്ങളില്‍ എത്തപ്പെട്ടാല്‍ തങ്ങള്‍ ഐഎസ് ആണെന്ന് ആരോപിച്ച് പീഡിപ്പിക്കപ്പെടുമെന്ന ഭയമാണ് ഇവര്‍ക്ക്. മൊസൂളിലാകട്ടെ സാധാരണക്കാരായ കുടുംബങ്ങളെ ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നതായും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കൊല്ലുന്നതായും വാര്ത്തകളുടണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല