സ്വന്തം ലേഖകന്‍: സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ഏറ്റുവാങ്ങാന്‍ ബോബ് ഡിലന് എത്തില്ല. സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം സ്വീകരിക്കുവാന്‍ താന്‍ സ്റ്റോക്ക്ഹോമിലേക്ക് പോകില്ലെന്ന് അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന് അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള ഡിലന്റെ കത്ത് ലഭിച്ചതായി നൊബേല്‍ സമ്മാനം നല്കുന്ന സ്വീഡിഷ് അക്കാദമി സ്ഥിരീകരിച്ചു. മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് ചടങ്ങിന് എത്താന്‍ കഴിയാത്തതെന്നാണ് ബോബ് ഡിലന് കത്ത് മുഖേനെ അക്കാദമിയെ അറിയിച്ചത്.
നൊബേല്‍ സമ്മാനം ലഭിച്ചതിലൂടെ താന്‍ വളരെയധികം ആദരിക്കപ്പെട്ടതായി തോന്നുന്നുവെന്നും പുരസ്കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ ആഗ്രഹമുണ്ടെന്നും 75കാരനായ ഡീലന് പറഞ്ഞതായി സ്വീഡിഷ് അക്കാദമി അറിയിച്ചു. പുരസ്കാര ജേതാവിന്റെ തീരുമാനം അക്കാദമി അംഗീകരിച്ചു. ഇത് ഒരു അപൂര്‍വ്വ സംഭവമാണെന്ന് സ്വീഡിഷ് അക്കാദമി സെക്രട്ടറി സാറ ഡാനിയസ് പറഞ്ഞു.
അമേരിക്കന്‍ ഗാനപാരമ്പര്യത്തിന് നല്കിയ മഹത്തായ സംഭാവനകളാണ് ഡിലനെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. ഇദ്ദേഹത്തിന് പകരം മറ്റാരെങ്കിലും സമ്മാനം ഏറ്റുവാങ്ങാന്‍ എത്തുമോ എന്ന കാര്യം വ്യക്തമല്ല.
ഇതിന് മുന്‍പ് 2004ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ഓസ്ട്രിയക്കാരിയായ എല്‍ഫ്രീഡ് യെല്നകും പുരസ്കാരം സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതിനോടുള്ള ഭയം കാരണമാണ് (സോഷ്യല്‍ ഫോബിയ) താന്‍ പരിപാടിയ്ക്ക് എത്താതിരുന്നത് എന്ന് പിന്നീട് അവര്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല