സ്വന്തം ലേഖകന്‍: സുരേഷ് ഗോപിയുടെ പുതിയ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതായി സമൂഹ മാധ്യമങ്ങള്‍, വിമര്‍കര്‍ എംഎല്‍എ മുകേഷിന്റെ വണ്ടി നമ്പര്‍ കൂടി നോക്കണമെന്ന് സുരേഷ് ഗോപി. കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയില്‍ വണ്ടി രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതിയിനത്തില്‍ സുരേഷ് ഗോപി ലാഭിച്ചത് അഞ്ചര ലക്ഷം രൂപയാണെന്നും നികുതി ലാഭിക്കുന്നതിന് ആഡംബര വാഹനങ്ങള്‍ വാങ്ങുന്ന എല്ലാ സമ്പന്നരും സ്വീകരിക്കുന്ന തന്ത്രമാണ് സുരേഷ് ഗോപിയും സ്വീകരിച്ചതെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നത്.
നവമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ ദീപക് ശങ്കരനാരായണന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇത്തരമൊരു ചര്‍ച്ചക്ക് തുടക്കമിട്ടത്. ദീപക്കിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,
കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ എവിടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?
അതെന്ത് ചോദ്യം എന്നല്ലേ? നമ്മുടെ വീടിന്റെ അഡ്രസ് കൊടുത്താല്‍ അടുത്ത ആര് ടി ഓ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം. പിന്നെ ചില വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്തിനാണ്? ചില വാഹനങ്ങള്‍ എന്നല്ല ചില ആളുകള്‍ എന്നാണ് പറയേണ്ടത്. എന്നുവച്ചാല്‍ സംഗതി ചില തരത്തിലുള്ള വന്‍കിട പണക്കാരുടെ ഒരു ഫാഷനാണ്. (പണക്കാരുടെ എന്ന് ജനറലൈസ് ചെയുതുകൂടാ, പണമുണ്ടാക്കല്‍ ഇന്ത്യയില്‍ ഒരു കുറ്റമല്ല. മര്യാദക്ക് ബിസിനസ് ചെയ്യുന്ന അനേകം പേര് ഈ നാട്ടിലുണ്ട്). നികുതി വെട്ടിപ്പ് എന്ന് മലയാളത്തിലും ടാക്സ് ഇവേഷന്‍ എന്ന് ഇംഗ്ലീഷിലും പറയും.
അതായത് പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്ലാറ്റ് ടാക്സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള Audi Q7 കാറിന് കേരളത്തില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്സ് മുക്കാം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തല്‍ക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലര്‍മാര്‍ തന്നെ കൊടുത്തോളും.
( എഡിറ്റ്: Audi Q7 ന് ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കില്‍ ഇതിലും വളരെ വലുതായിരിക്കും ടാക്സ് വെട്ടിപ്പ്)
നിയമപരമായും ധാര്‍മ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്.
ജോലിയോ താമസമോ മാറുമ്പോള്‍ ആളുകള്‍ സ്വകാര്യവാഹങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമീപനമാണ് എടുക്കാറുള്ളത്. കര്‍ണ്ണാടകയിലെയോ തമിഴ്നാട്ടിലെയോ പോലെ റോഡില്‍ കാണുന്ന മറ്റ് സംസ്ഥാനവാഹങ്ങള്‍ക്കു നേരെ കേരളാ പോലീസ് ചാടി വീഴാറില്ല. അതങ്ങനെത്തന്നെയാണ് വേണ്ടതും. ഇന്‍ക്ലൂസിവിറ്റിയുടെ നഷ്ടങ്ങള്‍ക്കുനേരെ ഒരു ജനാധിപത്യസമൂഹം കണ്ണടക്കക്കുക തന്നെയാണ് വേണ്ടത്, അല്ലാതെ അത് ദുരുപയോഗം ചെയ്യുന്നവരുടെ പേരില്‍ സാമാന്യമനുഷ്യരെ ബുദ്ധിമുട്ടിക്കുകയല്ല.
എന്നിട്ടും നയിച്ചുതിന്നുന്ന മലയാളികളാരും മനപ്പൂര്‍വ്വം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ പോയി വണ്ടി വാങ്ങാറില്ല. ഒരു കുടുംബം കാലങ്ങള്‍ സ്വപ്നം കണ്ട് നാലു ലക്ഷം രൂപ ലോണെടുത്ത് വാങ്ങുന്ന ചെറിയ ഒരു കാറിന് പോലും, വലിയ തുക ലാഭിക്കാമെങ്കിലും. ഉളുപ്പെന്ന ഒന്ന് സാമാന്യമനുഷ്യര്‍ക്കുള്ളതുകൊണ്ടാവണം. അതേ സമയം നയിക്കാതെ തിന്നുന്നവര്‍ ചെയ്യാറുണ്ടുതാനും.
ഇനി ഈ വീഡിയോ കാണുക.രാവിലെ യാദൃശ്ചികമായി മീഡിയാവണ്‍ ചാനല്‍ കണ്ടപ്പോള്‍ ശ്രദ്ധിച്ചതാണ്. അതിലൊരു Audi Q7 കാര്‍ കാണും. സുരേഷ് ഗോപിയുടെ കാറാണ്. ബി ജെ പി യുടെ രാജ്യസഭാ എം പി, അതും രാജ്യസഭാ തെരഞ്ഞെടുപ്പിനൊന്നും നിന്ന് എം പി ആയതല്ല, ബി ജെ പി നോമിനേറ്റ് ചെയ്ത് പ്രസിഡന്‍ഡ് ഓഫ് ഇന്ത്യാ നേരിട്ട് അവരോധിച്ച എം പി. അതിന്റെ നമ്പറ് ശ്രദ്ധിക്കുക. PY 01 BA 999. എം പി എന്ന് ബോര്‍ഡുമുണ്ട്.
അതിപ്പോ സുരേഷ് ഗോപി തല്‍ക്കാലത്തേക്ക് വല്ല സുഹൃത്തിന്റെയും വാഹനം കടം വാങ്ങിയതാണെങ്കിലോ? നമ്പറൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിരക്കുള്ള മനുഷ്യനല്ലേ?
ശരിയാണ്. അങ്ങനെ ഒരു സാദ്ധ്യതയുണ്ട്. ആ നമ്പറെടുത്ത് വാഹന്‍ എന്ന രജിസ്ട്രേഷന് നമ്പറുകള്‍ വച്ച് ഉടമയെ കണ്ടുപിടിക്കാനുള്ള സര്‍ക്കാര്‍ സംവിധാനത്തിലേക്ക് ഒരു എസ് എം എസ് അയക്കുക. (Type VAHAN xxx where xxx is vehicle no. and send sms to 7738299899) ഇങ്ങനെ ഒരു മറുപടി കിട്ടും.
PY01BA0999 [PUDUCHERRY,PY]
Owner:1SURESH GOPI
Vehicle:AUDI Q7(DIESEL)
L.M.V. (CAR)
RC/FC Expiry:26Jan25
Finance:HDFC BANK LTD
MV Tax upto:(LifeTime)
Courtsey:MoRTH/NIC
ഒന്നുമില്ല. സംഭവം സിംപിളും പവര്‍ഫുള്ളുമാണ്. നികുതിവെട്ടിപ്പിനെതിരെ പൊരുതി മരിക്കുന്ന കേരളത്തിലെ ബി ജെ പിയുടേ ആകപ്പാടെയുള്ള ഒരു എം പി യാണ്. എനിക്കതില്‍ അത്ഭുതമൊന്നുമില്ല, നിങ്ങള്‍ക്കുണ്ടെങ്കില്‍ തലക്കകത്ത് ഒന്നുകില്‍ അജ്ജാതി നിഷ്കളങ്കന് വേണം, അല്ലെങ്കില്‍ മറ്റേ കുറുവടി ടീമായിരിക്കണം.
ഇനിയിപ്പോ സുരേഷ് ഗോപിക്ക് പോണ്ടിച്ചേരിയില്‍ വീടുണ്ടോ, സ്ഥിരതാമസക്കാരനാണോ, വണ്ടി വല്ലപ്പോഴും കേരളത്തില്‍ കൊണ്ടുവന്നതാണോ, ഇനി വണ്ടി ഡെല്‍ഹിയിലാണോ ഓടുന്നത്, എന്നൊന്നും എനിക്കറിയില്ല. സുരേഷ് ഗോപി നികുതി വെട്ടിച്ചു എന്ന് ഞാനൊട്ട് പറഞ്ഞിട്ടുമില്ല. വേറൊരിടത്ത് ഓടുന്ന വണ്ടി പോണ്ടിച്ചേരിയിലെ റോഡല്ല ഉപയോഗിക്കുന്നത് എന്നും റോഡ് ടാക്സ് റോഡ് ഉപയോഗിക്കുന്നതിനാണെന്നും പക്ഷേ എനിക്കറിയാം. അല്ല പറയാന്‍ പറ്റില്ലല്ലോ. ഏതാ നിന്റെ രാജ്യം എന്നത് മൂപ്പരുടെത്തന്നെ ഡയലാഗാണല്ല്?!
വണ്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടാക്കുന്നവര്‍ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പരിഭ്രാന്തരായവരാണെന്ന് ബിജെപി എംപി കൂടിയായ സുരേഷ് ഗോപി പ്രതികരിച്ചു. നികുതി ഒഴിവാക്കാനല്ല താന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്. കൃത്യമായ തവണകള്‍ അടച്ചു കൊണ്ടാണ് താന്‍ മുന്നോട്ട് പോകുന്നത്. അത് ആര്‍ക്കും പരിശോധിക്കാം.
വിമര്‍ശകര്‍ അവരുടെ എം.എല്‍.എ ആയ മുകേഷിന്റെ വാഹന രജിസ്ട്രേഷനും നമ്പരും പരിശോധിക്കണം. മുകേഷിന്റെ വാഹനം എവിടെ നിന്ന് വാങ്ങി. എത്ര നികുതി കൊടുത്തു എന്നൊക്കെ അന്വേഷിക്കണം. അല്ലാതെ വിവാദങ്ങളില്‍ നിന്ന് രക്ഷപെടുന്നതിന് മറ്റൊരു വിവാദം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. അഞ്ച് വര്‍ഷം മുന്‍പ് മറ്റൊരു ഓഡി ക്യു 7 പോണ്ടിച്ചേരിയില്‍ നിന്ന് തന്നെയാണ് വാങ്ങിയത്. തനിക്ക് പോണ്ടിച്ചേരിയില്‍ മേല്‍വിലാസം ഉണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല