സ്വന്തം ലേഖകന്‍: കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി. ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിനുള്ള അന്തി മപട്ടികയിലാണ് യു.എ.ഇ.യില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥിനിയും. യു.എ.ഇ. കേന്ദ്രീകരിച്ച് ഗ്രീന്‍ ഹോപ് എന്ന പരിസ്ഥിതി സംഘടനയ്ക്ക് തുടക്കമിട്ട പതിനാറുകാരിയുമായ കെഹ്കഷന്‍ ബസു ഇടംനേടിയത്.
സിറിയയില്‍നിന്നുള്ള മുസൂണ്‍ അല്‍മില്‍ഹാന്‍, കാമറൂണില്‍ നിന്നുള്ള ഡിവിന മാലൂം എന്നിവരാണ് അന്തിമപട്ടികയില്‍ എത്തിയ മറ്റുരണ്ടുപേര്‍. 20ന് അന്താരാഷ്ട്ര ശിശുദിനത്തോട് അനുബന്ധിച്ച് നല്‍കുന്ന പുരസ്‌കാരത്തിനായി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് 120 അപേക്ഷകളാണ് ലഭിച്ചിരുന്നത്.
കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന കുട്ടികളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. നൊബേല്‍ സമ്മാനജേതാക്കളാണ് പുരസ്‌കാരം കൈമാറുക. ഇത്തവണ ഡിസംബര്‍ രണ്ടിന് ഹേഗില്‍ നടക്കുന്ന ചടങ്ങില്‍ 2006ലെ നൊബേല്‍ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് പുരസ്‌കാരം സമ്മാനിക്കും.
വളരെ ചെറുപ്പംമുതലേ പരിസ്ഥിതി സംരക്ഷണ, ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് കെഹ്കഷന്‍. 12 ആം വയസ്സിലാണ് മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കുന്ന ഗ്രീന്‍ ഹോപ് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. ഇന്ന് 10 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഹോപില്‍ ആയിരത്തില്‍പരം സന്നദ്ധ പ്രവര്‍ത്തകരുണ്ട്. മലാല യൂസുഫ് സായി 2013ല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന് അര്‍ഹയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല