സ്വന്തം ലേഖകന്‍: സര്‍വകലാശാലകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബ്രിട്ടനില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. പണപെരുപ്പത്തിനും മറ്റു മാറ്റങ്ങള്‍ക്കും അനുസൃതമായി സര്‍വകലാശാലകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
രാജ്യത്തെ സര്‍വകലാശാലകളിലെ 95 ശതമാനവും അഫിലിയേറ്റ് ചെയ്തിട്ടുള്ള നാഷനല്‍ യൂനിയന്‍ ഓഫ് സ്റ്റുഡന്റ്സ്, ലെക്ചറര്‍മാരുടെ സംഘടനയായ യൂനിവേഴ്സിറ്റീസ് ആന്‍ഡ് കോളജസ് യൂനിയന്‍ തുടങ്ങി പ്രമുഖ കക്ഷികളെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്. സര്‍വകലാശാലകളുടെ റാങ്കിങ് അനുസരിച്ച് അവര്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി കൊണ്ടുവരുന്ന ഹയര്‍ എജുക്കേഷന്‍ ബില്ല് നിര്‍ദേശിക്കുന്നു.
സര്‍വകലാശാലകള്‍ക്കിടയില്‍ മത്സരക്ഷമത കൊണ്ടുവരാനാവുമെന്നും പണത്തിന്റെ മൂല്യം മനസ്സിലാക്കി കൂടുതല്‍ അധ്വാനിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാവുമെന്നുമാണ് ബില്ലിനെ പിന്തുണക്കുന്നവരുടെ വാദം. എന്നാല്‍, വിദ്യാഭ്യാസരംഗം പൂര്‍ണമായും സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ലാഭത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുവരെ സര്‍വകലാശാല പദവി എളുപ്പം നേടിയെടുക്കാന്‍ ബില്ല് നിയമമായാല്‍ സാധിക്കുമെന്നും എന്‍.യു.എസ് പ്രസിഡന്റ് മലിയ ബൂഅതിയ അടക്കമുള്ളവര്‍ വാദിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല