സ്വന്തം ലേഖകന്‍: കാണ്‍പൂര്‍ ട്രെയിനപകടം, മരണം 120 കവിഞ്ഞു, ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ പുഖ്രായനില്‍ ഇന്ദോര്‍പട്ന എക്സ്പ്രസാണ് പാളംതെറ്റിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു ദുരന്തം. സംഭവത്തിം 120 പേര് കൊല്ലപ്പെടുകയും ഇരുനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യാത്രക്കാര്‍ ഉറക്കത്തിലായിരുന്ന സമയത്താണ് അപകടമുണ്ടായത്. ട്രെയിനിന്റെ 14 കോച്ചുകള്‍ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. എസ് ഒന്ന് മുതല്‍ എസ് നാലു വരെയുള്ള സ്ലീപ്പര്‍ കോച്ചുകള്‍ പൂര്‍ണമായി തകര്‍ന്നു. എസ് ഒന്ന്, എസ് രണ്ട് ബോഗികള്‍ പരസ്പരം ഇടിച്ചുകയറിയ നിലയിലാണ്. ഏറ്റവും കൂടുതല്‍ പേര് മരിച്ചതും ഈ ബോഗികളിലാണ്. വൈകുന്നേരത്തോടെ 103 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
മരിച്ചവരില്‍ 43 പേരെ തിരിച്ചറിഞ്ഞു. ഇവരില്‍ 20 പേര് യു.പി സ്വദേശികളും 15 പേര് മധ്യപ്രദേശില്‍നിന്നുള്ളവരും ആറു പേര് ബിഹാറുകാരുമാണ്. ഒരാള്‍ മഹാരാഷ്ട്ര സ്വദേശിയും മറ്റൊരാള്‍ ഗുജറാത്ത് സ്വദേശിയുമാണ്. തിരിച്ചറിഞ്ഞവരില്‍ 27 പേരുടെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
പരിക്കേറ്റവരില്‍ 76 പേരുടെ നില ഗുരുതരമാണ്. 150 പേര്‍ക്ക് നിസ്സാരമായ പരിക്കാണുള്ളതെന്നും കാണ്‍പൂര്‍ റേഞ്ച് ഐ.ജി സകി അഹ്മദ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദുരന്ത വിവരമറിഞ്ഞപ്പോള്‍ തന്നെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. മുപ്പതോളം ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. തകര്‍ന്ന ബോഗികള്‍ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
സൈനിക ഡോക്ടര്‍മാരും റെയില്‍വേ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. അപകടത്തെ തുടര്‍ന്ന് 13 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി സംഭവ സ്ഥലത്തത്തെിയ റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്‍ജിനീയറിങ് വിഭാഗം അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാളം തെറ്റിയ ട്രെയിനിന്റെ ചക്രങ്ങളില്‍നിന്ന് അസാധാരണ ശബ്ദം കേട്ടതായി യാത്രക്കാരനായ പ്രശാന്ത് ശര്‍മ പറഞ്ഞു. അപകടത്തില്‍പെട്ട എസ് രണ്ട് കോച്ചിലുണ്ടായിരുന്ന റെയില്‍വേ യൂനിഫോം ധരിച്ചയാളെ ഇക്കാര്യം അറിയിച്ചെങ്കിലും അദ്ദേഹം അത് ഗൗരവത്തിലെടുത്തില്ലെന്നും പ്രശാന്ത് ശര്‍മ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യു.പി മുഖ്യമന്ത്രി അഞ്ചുലക്ഷം രൂപ വീതവും പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ വീതവും ആശ്വാസധനം പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ സഹായധനം റെയില്‍വേ മന്ത്രാലയം 3.5 ലക്ഷം രൂപയായി ഉയര്‍ത്തി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നിസ്സാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചു.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍: ജാന്‍വി05101072, ഒറൈ051621072, കാണ്‍പുര്‍05121072, പൊക്രയാന്‍05113270239
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല