സ്വന്തം ലേഖകന്‍: ‘ഏറ്റവും ക്രൂരമായി ഉപദ്രവിച്ചത് ഒരു മലയാളി പോലീസുകാരന്‍,’ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി. ജയിലിലെ 25 വര്‍ഷത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് തമിഴില്‍ എഴുതിയ ആത്മകഥ ഈ മാസം 24 പുറത്തിറങ്ങാനിരിക്കെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നളിനി രംഗത്തെത്തിയത്. 500 പേജുള്ള ആത്മകഥയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എല്‍ടിടിഇ പ്രവര്‍ത്തകനായ ശ്രീഹരന്‍ എന്ന മുരുകന്റെ ഭാര്യയായ നളിനി രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് അറസ്റ്റിലാകുന്നത്. 1991ല്‍ ജയിലിലെത്തിയ നളിനി വെല്ലൂരിലെ സ്ത്രീകളുടെ പ്രത്യേക ജയിലിലാണ് ഇപ്പോഴുള്ളത്.
ജയിലില്‍ തന്നെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് കേരളത്തില്‍ നിന്നുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും നളിനി പറയുന്നു. അന്വേഷണസംഘം തന്നെ മാപ്പു സാക്ഷിയാക്കി മറ്റു പ്രതികള്‍ക്കെതിരെ മൊഴി പറയാനാണ് നിര്‍ബന്ധിച്ചത്. എന്നാല്‍ താന്‍ ഇത് നിഷേധിച്ചു. തുടര്‍ന്ന് അന്വേഷണതലവന്‍ തന്റെ താലി പിടിച്ചുവാങ്ങുകയും തന്റെ കുപ്പിവളകള്‍ തച്ചുടക്കുകയും ചെയ്തു. ഭര്‍ത്താവുമൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പെടാന്‍ നിര്‍ബന്ധിച്ചു. ഇത് നിഷേധിച്ച ഭര്‍ത്താവ് ശ്രീഹരന്‍ പൊലീസുകാരെ ചീത്ത വിളിക്കുകയും ചെയ്തതായി നളിനി വെളിപ്പെടുത്തുന്നു.
കേരളത്തില്‍ നിന്നും കൊണ്ടു വന്ന പ്രത്യേക പൊലീസുകാരനാണ് സംഘത്തില്‍ ഏറ്റവും ക്രൂരന്‍. തന്റെ വസ്ത്രം വലിച്ചുമാറ്റി തന്റെ നെഞ്ചില് അയാള്‍ ഇടിച്ചു. ഇത് തുടക്കം മാത്രമാണെന്നും ആണ്‍കുട്ടികള്‍ പുറത്ത് കാത്തിരിക്കുന്നുണ്ടെന്നും അയാള്‍ എന്നോടു പറഞ്ഞു പേടിപ്പിച്ചു. പിന്നീടാണ് തന്നെ ആശുപത്രിയില്‍ കൊണ്ടുപോയതും താന്‍ ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതും. അത് കാരണമാണ് താന്‍ ജീവനോട് രക്ഷപ്പെട്ടതെന്നും നളിനി വെളിപ്പെടുത്തുന്നു.
തന്റെ കുട്ടിക്കാല അനുഭവങ്ങള്‍, മുരുകനുമായുള്ള പ്രണയം, രാജീവ് വധക്കേസില്‍ പ്രതിയായ സാഹചര്യം, അഞ്ച് ദിവസത്തെ ഒളിവുജീവിതം, കസ്റ്റഡിയിലെ പീഡനം, ജയിലിനുള്ളിലെ പ്രസവം, വിചാരണ തുടങ്ങിയ അനുഭവങ്ങളാണ് നളിനി ആത്മകഥയില്‍ പറയുന്നത്.
2008 മാര്‍ച്ച് 19ന് പ്രിയങ്ക ഗാന്ധി നളിനിയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് നടത്തിയ 90 മിനുട്ട് നീണ്ട കൂടിക്കാഴ്ചയെ കുറിച്ചും നളിനി ആത്മഥയില്‍ പറയുന്നുണ്ട്. തനിക്കോ തന്റെ ഭര്‍ത്താവിനോ കൊലപാതക പദ്ധതിയെ കുറിച്ച് അറിവില്ലായിരുന്നു. സാഹചര്യങ്ങള്‍ പ്രതികൂലമായത് കാരണമാണ് താന്‍ പ്രതി ആയത്. ഇക്കാര്യം അന്ന് പ്രിയങ്കയോട് പറഞ്ഞതായി നളിനി വ്യക്തമാക്കുന്നു.
നല്ലവനായ തന്റെ പിതാവിനെ വധിക്കാനുണ്ടായ കാരണമായിരുന്നു പ്രിയങ്കയ്ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്നോ എന്തിനാണ് അദ്ദേഹത്തെ വധിച്ചതെന്നോ പറയാന്‍ തനിക്കായില്ല. ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന താന്‍ പഠിച്ചത് സാഹിത്യമാണ്. മുരുകന്‍ ജീവിതത്തിലേക്ക് വരുന്നത് വരെ ഒരു സ്വകാര്യ കമ്പനിയില്‍ ആയിരുന്നു താന്‍ ജോലി ചെയ്തതെന്നും അന്നൊന്നും എല്‍ടിടിഇയുമായി ബന്ധമുണ്ടായിരുന്നില്ലെന്നും നളിനി പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല