1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2016

ഫിലിപ്പ് ജോസഫ്: ‘നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ആപ്ത വാക്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച കരുണയുടെ വിശുദ്ധ വര്‍ഷം ക്രിസ്തുരാജ തിരുനാളായ ഇന്ന് സമാപിക്കുന്ന അവസരത്തില്‍ ക്ലിഫ്ടണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഇന്നലെ ഒരു ദിവസത്തെ നവീകരണ പരിപാടികളോടെ ഗ്ലോസ്റ്ററില്‍ വച്ച് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു.
ഇന്നലെ രാവിലെ 10 മണിയോട് കൂടി ക്ലിഫ്റ്റണ്‍ രൂപതാ സീറോ മലബാര്‍ സമൂഹം ജോസഫ് സ്രാമ്പിക്കല്‍ പിതാവിനും തലശേരി രൂപതാ ആര്‍ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് പിതാവിനെയും മുത്തുക്കുടകളുടെയും പൊന്നിന്‍ കുരിശിന്റെയും അകമ്പടിയോടെ സ്വീകരിച്ചു ആനയിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഫാ. പോള്‍ വെട്ടിക്കാട്ട് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. CDSMCC ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തുടര്‍ന്ന് ദിയ ഷാജിയും ജീവ ജോണ്‍സണും സ്രാമ്പിക്കല്‍ പിതാവിനെ അനുമോദിച്ചു സംസാരിച്ചു. കുട്ടികളെ ലാളിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കുട്ടികളുടെ പിതാവായ സ്രാമ്പിക്കല്‍ പിതാവിന്റെ നല്ല മനസിനെ ഈ കുട്ടികള്‍ രണ്ട് പേരും വളരെ നന്നായി പ്രകീര്‍ത്തിച്ചു. അത് കഴിഞ്ഞു തലശേരി രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞെരളക്കാട്ട് പിതാവ് തന്റെ പ്രസംഗത്തില്‍ എല്ലാ സ്ഥലത്തും ബ്രിട്ടനിലെ സീറോ മലബാര്‍ സഭക്ക് ഈ കരുണയുടെ വര്‍ഷത്തില്‍ ലഭിച്ച ഏറ്റവും വലിയ ദൈവ കാരുണ്യമാണ് പുതിയ പിതാവും പുതിയ രൂപതയുമെന്ന് ഉത്‌ബോധിപ്പിച്ചു.

സാധാരണ രീതിയില്‍ പിതാക്കന്മാര്‍ ഓരോ രൂപതയുടെയും മാത്രം പിതാവായിരുന്നു എങ്കില്‍ ഇവിടെ സ്രാമ്പിക്കല്‍ പിതാവ് അഭിഷിക്തനായിരിക്കുന്നത് ഗ്രേറ്റ് എപ്പാര്‍ക്കി ഓഫ് ബ്രിട്ടന്‍, അതായത് ബ്രിട്ടനിലെ സീറോ മലബാര്‍ സഭയുടെ മുഴുവന്‍ ചുമതലയുള്ള പിതാവായിട്ടാണ് അഭിഷിക്തനായിരിക്കുന്നത്. ആ പിതാവിനോട് കൂടെ ചേര്‍ന്ന് നില്‍ക്കാനും പിതാവിനോട് കൂടെ സഭയെ നയിക്കാനും വിശ്വാസികള്‍ക്ക് കഴിയട്ടെ, വിശ്വാസികള്‍ പിതാവിനോട് ചേര്‍ന്ന് നിന്ന് ഈ സഭയെ നയിക്കണം, സ്വന്തമായി രൂപതകളും മതബോധന കേന്ദ്രങ്ങളും പള്ളികളും ഉണ്ടാകുവാന്‍, പിതാവിനോട് ചേര്‍ന്ന് നിന്ന് വിശ്വാസി സമൂഹം സഭയെ വളര്‍ത്തണമെന്ന് ഞെരളക്കാട്ട് പി താവ് ഉത്‌ബോധിപ്പിച്ചു.
തുടര്‍ന്ന് അനുമോദന സന്ദേശത്തിനു നന്ദി പറഞ്ഞു കൊണ്ട് ‘താന്‍ എന്നും കരുണയുടെ വാതിലില്‍ കൂടി കടക്കുമായിരുന്നു, കരുണയുള്ളവരുടെ കൂടെ കരുണയുള്ളവനായിരിക്കുവാന്‍ വേണ്ടിയാണ് ശ്രമിച്ചിരുന്നത്. ഇവിടെ എല്ലാ സമൂഹത്തെയും കൂട്ടി യോജിപ്പിച്ചു കൊണ്ട് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എല്ലാവരും അതിനായി തന്നോട് സഹകരിക്കണമെന്നും’ പിതാവ് അഭ്യര്‍ത്ഥിച്ചു. ക്ലിഫ്റ്റണ്‍ രൂപത യുകെയിലെ വിശ്വാസി സമൂഹത്തിനു നല്‍കിയിട്ടുള്ള നേട്ടങ്ങളെ പിതാവ് മുക്തകണ്ഠം സ്‌ളാഘിച്ചു.

ഇതിനു പുറമെ പിതാവ് രണ്ട് പ്രഖ്യാപനങ്ങള്‍ കൂടി നടത്തി. ക്ലിഫ്ടണ്‍ രൂപതാ ചാപ്ലിയന്‍മാരായിരുന്ന ഫാ. പോള്‍ വെട്ടിക്കാട്ടിനെയും ഫാ. ജോയി വയലിലിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. യുകെയിലെ മതബോധന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയി ഫാ. ജോയി വയലിനെ തിരഞ്ഞെടുത്ത കാര്യം പിതാവ് അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും പിതാവ് അറിയിച്ചു. മറ്റു ചില നിയമനങ്ങള്‍ കൂടിയുണ്ടെന്നും വരുന്ന ഒരാഴ്ചക്കുള്ളില്‍ അവയെല്ലാം പ്രഖ്യാപിക്കുമെന്നും പിതാവ് അറിയിച്ചു.
തുടര്‍ന്ന് പത്താം ക്‌ളാസ് പാസായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പിതാവ് ഇന്ന് വൈകുന്നേരം നോര്‍വിച്ചില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാനായി തിരിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ഞെരളക്കാട്ട് പിതാവ് നല്‍കിയ സന്ദേശത്തില്‍ ‘ഈ കരുണയുടെ വര്‍ഷത്തില്‍ നമുക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ക്കെല്ലാം നന്ദി പറയണമെന്നും ഒരിക്കലും നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കന്മാരെ മറക്കരുതെന്നും നിങ്ങള്‍ക്ക് കിട്ടിയ ദൈവ കാരുണ്യത്തിന് നിങ്ങള്‍ നന്ദിയുള്ളവരായിരിക്കണമെന്നും നന്മ ചെയ്യുവാനും നന്മ ചെയ്യുന്നത് നിര്‍ത്താതെയിരിക്കുവാനും കരുണയുടെ വര്‍ഷം സമാപിച്ചാലും കരുണ ചെയ്തു കൊണ്ടിരിക്കണമെന്നും, കൃതഞ്ജതയുള്ളവരായിരിക്കുവാനും കരുണയുടെ പ്രവാചകരായിരിക്കുവാനും നല്ല ക്രിസ്ത്യാനികളായിരിക്കുവാനും’ യുകെയിലെ സീറോ മലബാര്‍ വിശ്വാസികളെ പിതാവ് ഉത്‌ബോധിപ്പിച്ചു.
തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഞ്ഞരളിക്കാട്ട് പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോയി വയലില്‍, ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജിജോ തുടങ്ങിയവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് ക്ലിഫ്റ്റണ്‍ രൂപതയുടെ വിവിധ മാസ് സെന്ററുകളിലെ കുട്ടികള്‍ അവതരിപ്പിച്ച ഒട്ടനവധി നൃത്തനൃത്യങ്ങള്‍ അരങ്ങേറി. ബ്രിസ്റ്റോള്‍ കമ്മ്യൂണിറ്റിയില്‍ നിന്നും റോജി ചങ്ങനാശേരിയുടെ നേതൃത്വത്തില്‍ അവതരിക്കപ്പെട്ട സ്‌കിറ്റ് വളരെ ശ്രദ്ധേയമായി. കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ്, മാര്‍ഗം കളി എന്നിവ ഏവരുടെയും മനം കവര്‍ന്നു. ഗ്ലോസ്റ്ററിലെ ട്രസ്റ്റി ജോജി കുരുവിള എല്ലാവര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്ന് ഫാ. ജോയി വയലില്‍ ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദിയും കൃതജ്ഞതയും അര്‍പ്പിച്ചു. വളരെ ഭംഗിയായി ആഘോഷിച്ച കരുണയുടെ വര്‍ഷ സമാപനത്തിനു ശേഷം വളരെ സന്തോഷത്തോടെയാണ് ക്ലിഫ്ടണ്‍ രൂപത സീറോ മലബാര്‍ സമൂഹം ഗ്ലോസ്റ്ററില്‍ നിന്നും മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.