സ്വന്തം ലേഖകന്‍: മദ്യശാലയിലും സിനിമാശാലയിലും പരാതിയില്ലാതെ വരിനില്‍ക്കുന്നവര്‍ക്ക് ഒരു നല്ല കാര്യത്തിന് വേണ്ടി വരിനില്‍ക്കരുതോ? മോഡിയെ പിന്തുണച്ച് മോഹന്‍ലാല്‍, രൂക്ഷ വിമര്‍ശനവുമായി സമൂഹ മാധ്യമങ്ങള്‍. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച നടന് മോഹന്‍ലാല്‍ തന്റെ പ്രതിമാസ ബ്ലോഗ് പോസ്റ്റിലാണ് നരേന്ദ്ര മോഡിയെ പ്രശംസിച്ചത്.
നോട്ട് പിന്‍വലിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം താന്‍ കേട്ടു. ആത്മാര്‍ത്ഥമായി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗമെന്ന് മോഹന്‍ലാല്‍ എഴുതുന്നു. കള്ളപ്പണവും കള്ളനോട്ടുമായി തിളയ്ക്കുന്ന സമാന്തര സാമ്പത്തിക ലോകവും ഇവിടെ നിലനില്ക്കുന്നു. ഇതിന് അറുതി വരുത്താനും അഴിമതിയുടെ മറവില്‍ പതിയിരുന്ന് ആക്രമിക്കുന്ന തീവ്രവാദത്തിനും എതിരായിട്ടാണ് തന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന് നമ്മുടെ പ്രധാനമന്ത്രി പറയുന്നത് കേട്ടു. താന്‍ ഒരിക്കലും വ്യക്തി ആരാധകനല്ല. വ്യക്തികളെയല്ല ആശയങ്ങളെയാണ് താന്‍ ആരാധിക്കുന്നന്നത്. ഈ തീരുമാനത്തെയും അത്തരത്തിലാണ് കാണുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. താന്‍ പറയുന്നതിനെ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായമായി കാണരുത്, മുന്‍വിധികളില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധ്യം മാത്രമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഇത്തരം വലിയ തീരുമാനം എടുക്കുമ്പോള്‍ അതിന്റെ ഭാഗമായി വലിയ വിഷമതകള്‍ ഉണ്ടാകും എന്നറിയാതെയാകില്ല ഇത് ചെയ്തത്. വരി നില്‍ക്കുന്നതിന്റെ വിഷമം മനസിലാക്കുന്നു. മദ്യഷോപ്പിന് മുന്നിലും സിനിമാശാലകള്‍ക്ക് മുന്നിലും ആരാധാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരിനില്‍ക്കുന്ന നമ്മള് ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പ്പസമയം വരിനില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഇത് പറയുമ്പോള്‍ നിങ്ങള്‍ക്കെന്തറിയാം വരിനില്ക്കുന്നതിന്റെ വിഷമം എന്ന മറുചോദ്യം ഞാന്‍ കേള്‍ക്കുന്നുണ്ട്. കേരളത്തിലും ഇന്ത്യയിലും പുറം രാജ്യങ്ങളിലും പോയാല്‍ എനിക്ക് അവസരം ലഭിച്ചാല്‍. ഞാനും എല്ലാവരെയും പോലെ വരിനിന്നാണ് ആവശ്യങ്ങള്‍ നിവര്ത്തിക്കുന്നത്മോഹന്ലാല് പറഞ്ഞു.
കറന്‍സി നിരോധനത്തെ പിന്തുണച്ച് ബ്ലോഗെഴുതിയ മോഹന്‍ലാലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന് രംഗത്തെത്തി. മോദിയുടെ പിടിപ്പുകേടിന് കുടപിടിക്കുമ്പോള്‍ മോഹന്‍ലാല്‍ സാധാരണക്കാരുടെ വേദന മറന്നതായി വി.ഡി. സതീശന് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പില്‍ ആരോപിച്ചു. ഭാരതത്തിലെ ജനങ്ങള്‍ ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നില്‍ കാവല്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടി അല്ല. അവര്‍ കഠിനാധ്വാനം ചെയ്തു സ്വന്തം ബാങ്കില്‍ വിശ്വാസത്തോടെ നിക്ഷേപിച്ച പണം റേഷന്‍ പോലെ ഇരന്നു മേടിക്കുന്നതിനു വേണ്ടിയാണ്. ആ ക്യൂവില്‍ നിന്നവരുടെ ലക്ഷ്യം ഒരു ഫുള്‍ ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചത് സ്വന്തം ബന്ധുക്കളുടെ ചികിത്സയ്ക്കും, വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനു വേണ്ടി ക്യൂ നിന്ന് മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനമാണെന്നും അദ്ദേഹം ആരോപിച്ചു.
ബ്ലോഗ് പുറത്തുവന്നതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലും മോഹന്‍ലാലിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്റുകളും ട്രോളുകളും സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല