സ്വന്തം ലേഖകന്‍: ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം, സര്‍ക്കോസിക്ക് ആദ്യ റൗണ്ടില്‍ ദയനീയ പരാജയം. അടുത്ത ഏപ്രിലില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യ റൗണ്ടിലാണ് മുന്‍ പ്രസിഡന്റ് നികളസ് സാര്‍കോസിക്ക് ദയനീയ പരാജയം നേരിട്ടത്. മുന്‍ പ്രധാനമന്ത്രി ഫ്രാങ്‌സ്വാ ഫിലനാണ് ആദ്യ റൗണ്ടില്‍തന്നെ സാര്‍കോസിയെ പരാജയപ്പെടുത്തിയത്.
സാര്‍കോസി പ്രസിഡന്റായിരുന്ന 200712 കാലത്തു പ്രധാനമന്ത്രിയായിരുന്ന ആളാണ് ഫിലന്‍. 43 ശതമാനം വോട്ടുകളാണ് ഫിലന്‍ നേടിയത്. ഇതാദ്യമായാണ് ഫ്രാന്‍സില്‍ ഒരു പാര്‍ട്ടി അമേരിക്കന്‍ മോഡലില്‍ സ്ഥാനാര്‍ഥിത്വ മത്സരം നടത്തി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ ഫിലന്‍ മുന്‍പ്രധാനമന്ത്രി അലന്‍ ജുപ്പെയുമായി മത്സരിക്കും.
ഒരേ കാലത്ത് രാജ്യത്തിന്റെ ഭരണം ഒന്നിച്ച് നിയന്ത്രിച്ച രണ്ടുപേര്‍ തമ്മിലുള്ള മത്സരം ഏറെ കൗതുകത്തോടെയാണ് ലോകം ഉറ്റുനോക്കിയത്. വലതുപക്ഷ കക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ അടുത്തിടെ രൂപപ്പെട്ട ആശയഭിന്നത മറനീക്കുന്നതായിരുന്നു സാര്‍കോസിഫിലന്‍ പോരാട്ടം. രാജ്യത്തെ മുസ്ലിംകളെയും ഇതര ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് സാര്‍കോസി നടത്തിയ പ്രചാരണമാണ് അദ്ദേഹത്തിന് വിനയായത്.
സര്‍വകലാശാലകളിലും മറ്റു പൊതുയിടങ്ങളിലും ഹിജാബ് നിരോധിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തീവ്രമായ ദേശീയവാദവും പ്രചാരണഘട്ടത്തില്‍ അദ്ദേഹം മുന്നോട്ടുവെച്ചു. അതേസമയം, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെയാണ് കാര്യമായും ഫിലന്‍ അഭിസംബോധന ചെയ്തത്. അതോടൊപ്പം, പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ് കൊണ്ടുവന്ന സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന ബില്ലിനെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. ഇതും രാജ്യത്തെ ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളുടെ പിന്തുണ ലഭിക്കുന്നതിന് കാരണമായി.
അടുത്തയാഴ്ചയാണ് ഫിലന്‍ജൂപ്പെ പോരാട്ടം. 199597 കാലത്ത് ജാക് ഷിറാക്കിന്റെ കാലത്താണ് ജുപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായത്. നിലവില്‍ ബോര്‍ഡക്‌സ് നഗരത്തിന്റെ മേയറാണ് ജൂപ്പെ. ത്രികോണ മത്സരമായിരിക്കും ഏപ്രിലില്‍ ഫ്രാന്‍സില്‍ അരങ്ങേറുക. നിലവിലെ പ്രസിഡന്റും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഓലന്‍ഡ് ഒരിക്കല്‍കൂടി മത്സരിക്കുമോ എന്ന കാര്യം അടുത്തയാഴ്ച അറിയാം. തീവ്ര വലതുപക്ഷ കക്ഷിയായ നാഷനല്‍ ഫ്രന്റിന്റെ നേതാവ് മരൈന്‍ ലെ പെന്‍ തന്നെയായിരിക്കും പാര്‍ട്ടി സ്ഥാനാര്‍ഥി.
സാര്‍കോസിയുടെ പരാജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യമായാണ് നിരീക്ഷകര്‍ വിശേഷിപ്പിച്ചത്. 1983 ല്‍ ന്യൂയി സര്‍സീന്‍ മേയറായി തുടങ്ങിയ സര്‍ക്കോസിയുടെ രാഷ്ട്രീയ ജീവിതം സംഭവ ബഹുലമായിരുന്നു. 2002 വരെ മേയറായിരുന്ന സര്‍ക്കോസി ഇതിനിടയില്‍ വിവിധ കാലത്തായി രാജ്യത്തിന്റെ ബജറ്റ്, ധനകാര്യം, വാര്‍ത്താ വിതരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവര്‍ത്തിച്ചു.
2007 ലാണ് പ്രസിഡന്റു പദത്തിലത്തെിയത്. 2012 ല്‍ പടിയിറങ്ങുമ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. ആ വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഓലന്‍ഡിനോട് പരാജയപ്പെട്ടു. അന്ന് രാഷ്ട്രീയം മതിയാക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം വീണ്ടും തിരിച്ചത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല