സ്വന്തം ലേഖകന്‍: ജപ്പാനിലും ന്യൂസിലന്‍ഡിലും വീണ്ടും ശക്തമായ ഭൂചലനം, സുനാമി ഭീഷണിയുള്ളതായി ശാസ്ത്രജ്ഞര്‍. വടക്കുകിഴക്കന്‍ ജപ്പാനിലെ തീരദേശ മേഖലകളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയത്തിനു സമീപത്ത് വരെ സുനാമിത്തിരകള്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതേ തുടര്‍ന്ന് ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്തിവച്ചു. കെട്ടിടങ്ങള്‍ കുലുങ്ങിയതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തിനു ശേഷം അധികൃതര്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം അത് റദ്ദാക്കി.
പ്രാദേശിക സമയം രാവിലെ ആറിനാണ് സംഭവം. സുനാമി സാധ്യതയുള്ളതിനാല്‍ ഫുകുഷിമ തീരത്തുനിന്ന് കപ്പലുകള്‍ പുറംകടലിലേക്ക് മാറ്റി. ജനങ്ങള്‍ക്കുവേണ്ട സഹായങ്ങള്‍ നല്കാന് അര്‍ജന്റീന സന്ദര്‍ശനത്തിനിടെ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
2011 ല്‍ ഇവിടെയുണ്ടായ ഭൂചലനത്തിലും സൂനാമിയിലും 18,000ത്തോളം ആളുകള്‍ മരിക്കുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഭൂചലനത്തില്‍ ഫുകുഷിമ ആണവ നിലയവും തകരുകയും ആണവ ചോര്‍ച്ച സംഭവിക്കുകയും ചെയ്തത് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയിരുന്നു.
ന്യൂസിലന്‍ഡിന്റെ തീരദേശ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ വെലിങ്ടണില്നിന്ന് 200 കി.മീ അകലെ വടക്കന്‍ ദ്വീപുകളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ന്യൂസിലന്‍ഡില്‍ കഴിഞ്ഞയാഴ്ചയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല