സ്വന്തം ലേഖകന്‍: കൊളംബിയയില്‍ സര്‍ക്കാരും ഫാര്‍ക് ഗറില്ലകളും തമ്മില്‍ പുതിയ സമാധാന കരാറില്‍ ഒപ്പുവക്കും, എതിര്‍പ്പുമായി പ്രതിപക്ഷം. 2.6 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ അരനൂറ്റാണ്ടിലേറെ നീണ്ട പോരാട്ടം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. ഇതിനായി കൊണ്ടുവന്ന ആദ്യ കരാര്‍ ജനഹിത പരിശോധനയില്‍ തള്ളിയ സാഹചര്യത്തിലാണ് പുതിയ കരാറിന് രൂപം നല്‍കിയത്.
പുതിയ കരാര്‍ കോണ്‍ഗ്രസില്‍ അംഗീകാരത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് ജനഹിത പരിശോധനയ്ക്ക് വിധേയമാക്കും. എന്നാല്‍ വിമതരേയും മനുഷ്യാവകാശ ലംഘകരേയും ശിക്ഷിക്കാന്‍ മതിയായ വകുപ്പുകള്‍ കരാറിലില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് ആണ് പുതിയ കരാറിന്റെ കാര്യം പുറത്തുവിട്ടത്. രണ്ടു മാസം മുന്‍പ് ഒപ്പുവച്ച ആദ്യ കരാര്‍ ഒക്ടോബര്‍ രണ്ടിന് നടന്ന ജനഹിതത്തിലാണ് തള്ളപ്പെട്ടത്.
അതേസമയം, മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് വിമതരെ ശിക്ഷിക്കുന്നതുവരെ കരാര്‍ മുന്നോട്ട് പോവില്ലെന്ന് പ്രതിപക്ഷ സംഘങ്ങള്‍ പറഞ്ഞു. കരാര്‍ വിമതര്‍ക്ക് അനുകൂലമാണെന്ന് പ്രതിപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ അല്‍വാരോ യുറൈബ് ആരോപിച്ചു.
പതിറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുകയും അനാഥരാക്കപ്പെടുകയും ചെയ്ത ദശലക്ഷക്കണക്കിന് കൊളംബിയക്കാരുടെ ചരിത്രത്തിലെ വേദനാജനകമായ അധ്യായം അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നതെന്ന് ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് പറഞ്ഞു.
രണ്ടു മാസങ്ങള്‍ക്കുമുമ്പ് ലോക നേതാക്കളുടെ മുമ്പാകെയാണ് യഥാര്ഥകരാര് ഒപ്പുവച്ചത്. എന്നാല്‍, ഒക്ടോബര്‍ രണ്ടിന് നടന്ന ഹിതപരിശോധന കരാര്‍ തള്ളുകയായിരുന്നു. കരാറിനെ 49 ശതമാനം പിന്തുണച്ചപ്പോള്‍ 50 ശതമാനം എതിര്‍ത്തു. ലോകരാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നാലുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപക്ഷത്തിനും കരാറില്‍ എത്തിച്ചേരാനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല