സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ കൃത്രിമം കാട്ടിയതായി ആരോപണം, അട്ടിമറി ട്രംപിനെ ജയിപ്പിക്കാന്‍. രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധരാണ് നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ചുള്ള പോളിങ് റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡെമോക്രാറ്റുകളുടെ ഇമെയിലുകള്‍ ചോര്‍ത്തയതായും ആരോപിച്ച് രംഗത്തെത്തിയത്.
സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യം ശക്തമായി ഉന്നയിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റന്‍ തയാറാകണമെന്ന് ഇവര്‍ പറഞ്ഞു. ആവശ്യം അംഗീകരിച്ചാല്‍ അടുത്ത ദിവസം തന്നെ വോട്ടെണ്ണലിന് ഹിലരി അപേക്ഷ നല്‍കണം. എന്നാല്‍, ഹിലരി അതിന് തയാറല്ലെന്നാണ് സൂചന.
അട്ടിമറി നടന്നുവെന്ന വാദങ്ങള്‍ക്ക് തെളിവ് നിരത്തി 18 പേജ് വരുന്ന റിപ്പോര്‍ട്ട് ഉടന്‍ പുറത്തിറക്കുമെന്നും അവര്‍ അറിയിച്ചു.തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന അഭിപ്രായ സര്‍വേകളിലെല്ലാം ഹിലരിക്ക് മുന്‍തൂക്കം കല്‍പിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളാണ് പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നിവ. മൂന്നില്‍ രണ്ടിടത്തും ഹിലരി നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുകയാണുണ്ടായത്.
മിഷിഗനിലെ അന്തിമ ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ട്രംപിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിച്ച് പോളിങ് നടന്ന കൗണ്ടികളെ അപേക്ഷിച്ച്, ഇലക്ട്രോണിക് വോട്ടിങ് നടന്ന കൗണ്ടികളില്‍, ട്രംപിന് ക്രമാതീതമായ മുന്‍തൂക്കമുള്ളതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഡേവിഡ് ഗ്രീന്‍വാള്‍ഡ് എന്ന പത്രപ്രവര്‍ത്തകനാണ് ഈ അസന്തുലിതത്വം ആദ്യം ചൂണ്ടിക്കാണിച്ചത്. നാഷനല്‍ വോട്ടിങ് റൈറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ ജോണ്‍ ബൊനിഫസ്, മിഷിഗന്‍ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി ആന്‍ഡ് സൊസൈറ്റി ഡയറക്ടര്‍ പ്രഫസര്‍ അലക്‌സ് ഹല്‍ദര്‍മാന്‍ തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് കമീഷന്‍ ഉപദേശകയും, തെരഞ്ഞെടുപ്പ് വിദഗ്ധയുമായ ഡോ. ബാര്‍ബറ സൈമണ്‍സ് ഇവരുടെ അഭിപ്രായത്തെ അനുകൂലിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടല്‍ നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെടണമെന്ന് കാണിച്ച് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സൈബര്‍, പ്രതിരോധ വിദഗ്ധര്‍ കത്തെഴുതിയിട്ടുണ്ട്. ഹിലരിയുടെ അടുത്ത സഹായി ഹുമ ആബിദീനും ഫേസ്ബുക് പോസ്റ്റിലൂടെ ഈ ആവശ്യം ഉന്നയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല