സ്വന്തം ലേഖകന്‍: പൈലറ്റുമാരുടെ സമരത്തില്‍ വലഞ്ഞ് ജര്‍മന്‍ വിമാനക്കമ്പനി ലുഫ്താന്‍സ, റദ്ദാക്കിയത് 876 സര്‍വീസുകള്‍. ഷെഡ്യൂള്‍ ചെയ്ത 3000 ഫ്ലൈറ്റുകളില്‍ 876 എണ്ണമാണ് റദ്ദാക്കിയത്. വേതന തര്‍ക്കത്തെ തുടര്‍ന്നാണ് പൈലറ്റ് യൂണിയന് സമരം പ്രഖ്യാപിച്ചത്. പൈലറ്റ് സമരം വിമാനക്കമ്പനിയുടെ പതിനായിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു.
2014 ഏപ്രിലിന് ശേഷം പൈലറ്റ് യൂണിയന് പ്രഖ്യാപിച്ച 14 മത്തെ സമരമാണിത്. വര്‍ഷത്തില്‍ 3.66 ശതമാനം വേതന വര്‍ധനവാണ് യൂണിയന് ആവശ്യപ്പെടുന്നത്. എന്നാല്‍, 2.5 ശതമാനം വേതന വര്‍ധനവാണ് വിമാനകമ്പനി വാഗ്ദാനം ചെയ്യുന്നത്.
വര്‍ഷത്തില്‍ 3.66 ശതമാനം വേതന വര്‍ധനവ് ആവശ്യപ്പെട്ട യൂണിയന്റെ കടുംപിടുത്തമാണ് സമരം നീണ്ടുപോകാന്‍ കാരണമെന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍, വന്‍ ലാഭത്തില്‍ ആയിരുന്നിട്ടും വെറും 2.5 ശതമാനം വേതന വര്‍ധനവാണ് വിമാനകമ്പനി നല്‍കുന്നതെന്ന് പൈലറ്റുമാരുടെ യൂണിയന് വാദിക്കുന്നു.
ശമ്പള ഘടന, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ചാണ് യൂണിയനും മാനേമജ്മെന്റും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്. 2013 ഡിസംബര്‍ മുതല്‍ ഇതിന്റെ പേരില്‍ സമരങ്ങള്‍ തുടര്‍ക്കഥയാണ്. ഇതുവരെ പൈലറ്റുമാരുടെ യൂണിയനാണ് സമരം നടത്തി വന്നിരുന്നത്. ട്രാന്‍സിഷണല്‍ വ്യവസ്ഥ സംബന്ധിച്ച് യുഎഫ്ഒയും മാനേജ്മെന്റും തമ്മില്‍ രണ്ടു വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുകയാണ്.
2012ല്‍ അവസാന കരാര്‍ കാലാവധി അവസാനിച്ച ശേഷം കമ്പനി ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. സരമം ഒഴിവാക്കാന്‍ ആര്ബിട്രേഷന് നടത്തുന്നതിന് കമ്പനി ശ്രമിക്കുന്നു. എന്നാല്‍, ആര്‍ബിട്രേഷനു വയ്ക്കാന്‍ മാത്രം ശമ്പള വര്‍ധന പോലും കമ്പനി വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് യൂണിയന്റെ വാദം. ജര്‍മനിയിലെ പ്രധാനപ്പെട്ട വിമാനകമ്പനിയായ ലുഫ്താന്‍സ എയര്‍ലൈന്‍സ് യൂറോപ്പിലെ ഏറ്റവും വരുമാനമുള്ള വിമാനക്കമ്പനികളില്‍ ഒന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല