സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജയായ നിക്കി ഹേലി ഐക്യരാഷ്ട്ര സഭയിലെ യുഎസ് പ്രതിനിധിയാകും, യുഎസില്‍ കാബിനറ്റ് പദവി കിട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജ. സൗത്ത് കരോളൈനയിലെ റിപബ്ലിക്കന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലിയെ യുഎന്നിലെ യുഎസ് സ്ഥാനപതിയായി നിയമിക്കുമെന്നു ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തില്‍ കാബിനറ്റ് പദവിയില്‍ നിയമിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്. യുഎസില്‍ കാബിനറ്റ് പദവി കിട്ടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന ബഹുമതിയും ഹേലി സ്വന്തമാക്കി. സെനറ്റിന്റെ സ്ഥിരീകരണം കിട്ടിയശേഷം സാമന്ത പവറിന്റെ പിന്‍ഗാമിയായി ഹേലി യുഎന്നില്‍ ചുമതലയേല്‍ക്കും.
റിപബ്ലിക്കന്‍ പ്രൈമറികളില്‍ ട്രംപിനെ രൂക്ഷമായി വിമര്‍ശിക്കുകയും മാര്‍ക്കോ റൂബിയോയെ പിന്തുണയ്ക്കുകയും ചെയ്ത ഹേലി പൊതു തെരഞ്ഞെടുപ്പില്‍ ട്രംപ് പക്ഷത്തേക്ക് കൂറുമാറുകയായിരുന്നു. വിഭിന്ന പശ്ചാത്തലത്തിലുള്ളവരെ പാര്‍ട്ടിഭേദമെന്യേ രാജ്യനന്മയ്ക്കായി ഒരുമിച്ചുകൊണ്ടുവരുന്നതില്‍ ഗവര്‍ണര്‍ ഹേലിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നു ട്രംപ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ആഗോളവേദിയില്‍ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന മികച്ച നേതാവായിരിക്കും ഹേലിയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സൗത്ത് കരോളൈനയുടെ വളര്‍ച്ചയില്‍ ഹേലിയുടെ പങ്ക് വലുതാണ്. വാണിജ്യമേഖലയില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് സൗത്ത് കരോളൈന.
ഇതെല്ലാം ഗവര്‍ണര്‍ ഹേലിയുടെ കഴിവാണെന്നും അതുകൊണ്ടാണ് അവരെ ഉന്നത പദവിയിലേക്കു ക്ഷണിക്കുന്നതെന്നും ട്രംപ് പറഞ്ഞു. പഞ്ചാബില്‍ കുടുംബവേരുകളുള്ള 44കാരിയായ ഹേലി അമേരിക്കയിലേ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറാണ്. ലൂയിസിയാന മുന്‍ ഗവര്‍ണര്‍ ബോബി ജിന്‍ഡലാണ് ആദ്യത്തെ ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍.
ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ രാജ്യം ഏറെ പ്രതിസന്ധി നേരിടുന്ന സന്ദര്‍ഭത്തില്‍ ഭരണസംഘത്തില്‍ ചേരാന്‍ ട്രംപ് തന്നെ ക്ഷണിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് നിക്കി ഹേലി പ്രതികരിച്ചു. പഞ്ചാബില്‍ കുടുംബ വേരുകളുള്ള നിമ്രതാ നിക്കി റണ്ഡ്വായുടെ ജനനം 1972ല്‍ സൗത്ത് കരോളൈനയിലെ സിക്ക് കുടുംബത്തിലായിരുന്നു. സിക്ക് മതത്തില്‍ നിന്നു ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്ത നിക്കി 1996ല്‍ സൈന്യത്തിലെ ക്യാപ്റ്റന്‍ മൈക്കല്‍ ഹാലെയെ വിവാഹം ചെയ്തു.
മൈക്കല്‍ ഹാലെ അഫ്ഗാനിസ്ഥാനില്‍ സൈനികസേവനം നടത്തിയിട്ടുണ്ട്. 2005ല്‍ സൗത്ത് കരോളൈനഅസംബ്ളിയില് നിക്കി ഹേലി വിപ്പായി. ആറു വര്‍ഷം ജനപ്രതിനിധി സഭാംഗമായി പ്രവര്‍ത്തിച്ചു. ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടശേഷം പാര്‍ട്ടിയില്‍ അവരുടെ വളര്‍ച്ച ത്വരിതഗതിയിലായിരുന്നു. 2014ല്‍ രണ്ടാംവട്ടവും ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച റിപ്പബ്ളിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്റെ ഉപാധ്യക്ഷയായി. 33 സ്റ്റേറ്റുകളില്‍ ഇപ്പോള്‍ റിപ്പബ്ലിക്കന്മാരാണു ഗവര്‍ണര്‍ പദവി വഹിക്കുന്നത്.
അന്തര്‍ദേശീയതലത്തില്‍ വലിയ പ്രവര്‍ത്തന പരിചയം ഇല്ലെങ്കിലും ആശയവിനിമയത്തിലും പ്രശ്ന പരിഹാരത്തിലും ഹേലിയ്ക്കുള്ള മികവ് മുതല്‍ക്കൂട്ടാവുമെന്നാണു ട്രംപ് ക്യാമ്പിന്റെ കണക്കുകൂട്ടല്‍. ജനുവരിയില്‍ യുഎന്‍ സെക്രട്ടറി ജനറലായി ചുമതലയേല്‍ക്കുന്ന അന്റോണിയോ ഗുട്ടെറസിനോടൊപ്പമാവും ഹേലിയ്ക്കു പ്രവര്‍ത്തിക്കേണ്ടിവരിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല