സ്വന്തം ലേഖകന്‍: എല്‍ സാല്‍വദോറിനേയും നിക്കരാഗ്വയേയും പിടിച്ചു കുലുക്കി ഭൂകമ്പം, തൊട്ടുപിന്നാലെ ചുഴലിക്കാറ്റും സുനാമി ഭീഷണിയും. റിക്ടര്‍ സ്കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ തിരകള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭൂകമ്പത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. നാശനഷ്ടങ്ങളുടെ കണക്കുകള്‍ അധികൃതര്‍ ശേഖരിച്ചുവരികയാണെന്നും ഉടന്‍ തന്നെ പുറത്തുവിടുമെന്നുമാണ് സൂചന. വലിയ തിരകള്‍ രൂപപ്പെട്ടതിനാല്‍ എല്‍. സാല്‍വദോര്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.
നിക്വരാഗ്വ തീരത്ത് ശക്തമായ ചുഴലിക്കാറ്റ് വീശിയതിന് തൊട്ടുപുറകെയാണ് ഭൂചലനമുണ്ടായത്. ഇതോടൊപ്പം പേമാരിയുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഭൂചലനത്തെ തുടര്‍ന്ന് നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ടേഗ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഓട്ടോ എന്ന കൊടുങ്കാറ്റാണ് ഇപ്പോള്‍ രാജ്യത്ത് വീശിയടിക്കുന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്ററോളം അകലെയുള്ള തീരപ്രദേശങ്ങളില്‍ സുനാമിത്തിരകള്‍ ഉണ്ടാകുമെന്നാണ് പസഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്കി.
രണ്ടു ദിവസം മുമ്പാണ് ഭൂകമ്പ മാപിനിയില്‍ 6.7 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം പടിഞ്ഞാറന്‍ അര്‍ജന്റീനയെയും ചിലിയേയും പിടിച്ചു കുലുക്കിയത്. ആളപായമില്ലെങ്കിലും ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഭൂചലനം ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല