സ്വന്തം ലേഖകന്‍: പ്രോട്ടോക്കോള്‍ ലംഘനത്തിലും അവതാരകയുടെ പെരുമാറ്റവും മുഷിപ്പിച്ചു, മുഖ്യമന്തി കൊച്ചി സിറ്റി പോലീസിന്റെ ചടങ്ങില്‍ വേദി വിട്ടു. കൊച്ചി സിറ്റി പോലീസിന്റെ കാവലാള്‍ ഹ്രസ്വചിത്ര പ്രകാശനവും സ്ത്രീ സുരക്ഷയ്ക്കായുള്ള പിങ്ക് പെട്രോളിങ് വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിലും പ്രോട്ടോക്കോള്‍ ലംഘനത്തിലും മുഷിഞ്ഞ് വേദി വിടുകയായിരുന്നു.
മുഖ്യമന്ത്രി മാത്രമാണ് ചടങ്ങിലെ പ്രാസംഗികനെന്നും രണ്ടു പരിപാടികള്‍ ഉദ്ഘാടനം ചെയ്യേണ്ടതുണ്ടെന്നും ആണ് ഇതുസംബന്ധിച്ച് രേഖാമൂലം അറിയിച്ചിരുന്നത്. പ്രോഗ്രാം നോട്ടീസിലും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരിപാടി ആയതിനാല്‍ നടി ഷീല ഉള്‍പ്പെടെയുള്ള പ്രമുഖ വനിതകളെയും ക്ഷണിച്ചിരുന്നു.
എന്നാല്‍, ഇന്ന് രാവിലെ അപ്രതീക്ഷിതമായി ഷീല അസൗകര്യം പ്രകടിപ്പിക്കുകയും എന്തെങ്കിലും ചുമതല നിര്‍വഹിക്കാനില്ലാതെ എത്താന്‍ കഴിയില്ലെന്നും അറിയിച്ചതോടെ പരിപാടിയില്‍ കല്ലുകടി തുടങ്ങുകയായിരുന്നു. ഇതോടെ പിങ്ക് പെട്രോളിങ് കണ്ട്രോള് റൂം നമ്പര്‍ ലോഞ്ച് ചെയ്യുന്ന ചുമതല ഷീലയെ ഏല്പിച്ചു. മേയര്‍ സൗമിനി ജെയിനെ കാഴ്ചക്കാരിയായി ഇരുത്താന്‍ കഴിയില്ലെന്നു വന്നതോടെ ഹ്രസ്വചിത്ര പ്രകാശനം അവര്‍ക്ക് നല്കി. എഡിജിപി ബി. സന്ധ്യ പങ്കെടുക്കുന്നതിനാല്‍ പിങ്ക് പെട്രോളിങ്ങിനെ പരിചയപ്പെടുത്തുന്ന ചുമതല എഡിജിപിക്കും നല്കി. ഒടുക്കം പിങ്ക് പെട്രോള്‍ ഫ്ലാഗ് ഓഫ് മാത്രമായി മുഖ്യമന്ത്രിയുടെ ചുമതല ഒതുങ്ങി. ഇത് അദ്ദേഹത്തെ അറിയിക്കുകയും അദ്ദേഹം സമ്മതമറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവതാരകയുടെ ഇടപെടലും ബി. സന്ധ്യ എത്താന്‍ വൈകിയതും പരിപാടികള്‍ തകിടം മറിഞ്ഞു.
ചടങ്ങ് തുടങ്ങിയയുടന്‍ ബി. സന്ധ്യയെ പിങ്ക് പെട്രോളിങ് പരിചയപ്പെടുത്താന്‍ ക്ഷണിച്ചെങ്കിലും അവര്‍ സ്ഥലത്ത് എത്തിയിരുന്നില്ല. തുടര്‍ന്ന് സ്വാഗത പ്രാസംഗികന് എന്ന മുഖവുരയോടെ അവതാരക മുഖ്യമന്ത്രി ക്ഷണിച്ചു. ഇതോടെ സിറ്റി പോലീസ് കമ്മിഷണര്‍ ഇടപെട്ട് അവതാരകയെ തിരുത്തുകയും മൈക്ക് വാങ്ങി മുഖ്യമന്ത്രിയെ ഉദ്ഘാടനത്തിനായി ക്ഷണിക്കുകയുമായിരുന്നു. പ്രസംഗം കഴിഞ്ഞു മുഖ്യമന്ത്രി ഇരുന്നു. തുടര്‍ന്ന് നടി ഷീലയും മേയറും പ്രസംഗിച്ചു.
ഇതിനുശേഷമായിരുന്നു ഫ്ളാഗ് ഓഫ് കര്‍മം. എന്നാല്‍, അപ്പോഴേക്കും എഡിജിപി വേദിയിലെത്തിയിരുന്നു. മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതെ വേദിയിലിരുന്ന മറ്റുള്ളവരുടെ സമീപത്തേയ്ക്ക് എഡിജിപി നീങ്ങുകയും ഇതിനിടെ, ഫ്ലാഗ് ഓഫിനായി മുഖ്യമന്ത്രി എഴുന്നേല്ക്കാന് തുടങ്ങുമ്പോഴേക്കും അവതാരക പ്രസംഗത്തിനായി എഡിജിപിയെ ക്ഷണിക്കുകയും ചെയ്തതോടെ മുഖത്ത് നീരസം പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വേദി വിടുകയായിരുന്നു. കമ്മിഷണറും മറ്റ് ഉദ്യോഗസ്ഥരും അഭ്യര്‍ത്ഥിച്ചുവെങ്കിലും ഫലം കണ്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല