സ്വന്തം ലേഖകന്‍: ഇസ്രയേലിലും പലസ്തീനിലും തീക്കാറ്റ് വീശിയടിക്കുന്നു, വെസ്റ്റ് ബാങ്കില്‍ നിന്ന് കൂട്ടപലായനം. ഹൈഫയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ശനിയാഴ്ച വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള പ്രദേശത്തുനിന്ന് നൂറുകണക്കിന് ജൂത കുടിയേറ്റക്കാര്‍ പലായനം ചെയ്തു. മേഖലയില്‍ ഇസ്രയേല്‍, ഫലസ്തീന് അഗ്നി ശമന സേനകള്‍ വിമാനങ്ങള്‍ വഴി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
റാമല്ലയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ഹലാമിഷില്‍നിന്ന് 1000 താമസക്കാര്‍ വീട്വിട്ട്പോവുകയും 45 വീടുകള്‍ തീപിടിച്ച് നശിക്കുകയും ചെയ്തിട്ടുണ്ട്. തീയണക്കുന്നതിന് ഇസ്രയേലിനെ സഹായിക്കാന്‍ റഷ്യ, തുര്‍ക്കി, ഗ്രീസ്, ഫ്രാന്‍സ്, സ്പെയിന്, കാനഡ എന്നീ രാജ്യങ്ങള്‍ എത്തിയിട്ടുണ്ട്.
തീയണക്കുന്നതിന് ലോകത്തിലെതന്നെ ഏറ്റവും മികച്ച യു.എസ് സൂപ്പര്ടാങ്ക് വിമാനം കൂടി ഇസ്രയേലില്‍ എത്താനുണ്ട്. അതേസമയം സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 14 പേര്‍ക്ക് ഇസ്രയേല്‍–ഫലസ്തീന് സംഘട്ടനവുമായി ബന്ധമുണ്ടെന്നാണ് ഇസ്രയേല്‍ അധികൃതര്‍ പറയുന്നന്നത്.
ചില സ്ഥലങ്ങളില്‍ തീ നിയന്ത്രണ വിധേയമായെന്നും തീവെപ്പ് ഭീകരതക്ക് പിന്നിലുള്ളവര്‍ കനത്ത വിലയൊടുക്കേണ്ടി വരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
അര്‍ധരാത്രിയോടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന ഫലസ്തീന് 41 അഗ്നിശമന സേനാ ഉദ്യോഗസ്ഥരെയും എട്ട് ട്രക്കുകളെയും ഹൈഫയിലേക്കയച്ചിട്ടുണ്ട്. 200 ഓളം കുടുംബങ്ങള്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞു പോയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈഫയിലെ തീ ഏകദേശം നിയന്ത്രണ വിധേയമായെങ്കിലും വെസ്റ്റ് ബാങ്കിലേക്ക് തീക്കാറ്റ് വീശിയിടിക്കുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്കും അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കും പുതിയ തലവേദനയായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല