സ്വന്തം ലേഖകന്‍: ക്യൂബയുടെ മാത്രമല്ല, ലോകത്തിന്റെ നഷ്ടം, അന്തരിച്ച ഫിഡല്‍ കാസ്ട്രോക്ക് പ്രണാമം അര്‍പ്പിച്ച് ലോകനേതാക്കളും മാധ്യമങ്ങളും. ക്യൂബയുടെ മുന്‍ പ്രസിഡന്റും ക്യൂബന്‍ വിപ്ലവനേതാവുമായിരുന്ന ഫിഡല്‍ കാസ്ട്രോയുടെ നിര്യാണത്തില്‍ വിവിധ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. അമേരിക്ക ക്യൂബയുടെ സൃഹൃത്താണെന്നു ക്യൂബന്‍ ജനത മനസിലാക്കണമെന്ന് അനുശോചന സന്ദേശത്തില്‍ ഓര്‍മിപ്പിച്ച് പ്രസിഡന്റ് ഒബാമ ഞ്ഞു. ക്യൂബ–അമേരിക്കന്‍ ബന്ധങ്ങളിലെ തകര്‍ച്ച പരിഹരിക്കാന്‍ താന്‍ ഏറെ ശ്രമിച്ച കാര്യവും ചൂണ്ടിക്കാട്ടി.
സ്വന്തം ജനതയെ ആറു ദശകക്കാലം പീഡിപ്പിച്ച ക്രൂരനായ ഭരണാധികാരി കടന്നുപോയെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ഫയറിംഗ്സ്ക്വാഡ്, കവര്‍ച്ച, അനിര്‍വചനീയമായ ദുരിതം, ദാരിദ്ര്യം, മൗലികാവകാശനിഷേധം തുടങ്ങിയവയാണ് ഫിഡലില്നിന്നു കിട്ടിയിരിക്കുന്ന പൈതൃകമെന്നും ട്രംപ് തുറന്നടിച്ചു.
ഇതിനിടെ അമേരിക്കയിലെ മയാമിയിലെ ലിറ്റില്‍ ഹവാന എന്നറിയപ്പെടുന്ന മേഖലയില്‍ താമസിക്കുന്ന ക്യൂബന്‍ പ്രവാസികള്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് ഏകാധിപതിയുടെ നിര്യാണത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. ചിലര്‍ വെടിക്കെട്ടും നടത്തി. ശീതയുദ്ധവേളയില് നിരവധി ക്യൂബക്കാര്‍ കടല്‍താണ്ടി മയാമിയിലും പരിസരത്തും എത്തി അമേരിക്കയില്‍ അഭയം തേടിയിരുന്നു.
11 അമേരിക്കന്‍ പ്രസിഡന്റുമാരെ എതിര്‍ക്കുകയും ലോകത്തെ ആണവയുദ്ധത്തിന്റെ വക്കിലേക്കു അല്പസമയത്തേക്ക് എങ്കിലും തള്ളിയിടുകയും ചെയ്ത നേതാവായിരുന്നു ഫിഡല്‍ കാസ്ട്രോയെന്നു ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടി.
റഷ്യയുടെ വിശ്വസ്ത സൃഹൃത്തായിരുന്നു കാസ്ട്രോയെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് അനുസ്മരിച്ചു. അമേരിക്കന്‍ ഉപരോധകാലത്ത് തലകുനിക്കാതെ ഉറച്ചുനിന്ന് ക്യൂബയ്ക്ക് ശക്തി പകര്ന്നയാളാണു കാസ്ട്രോയെന്ന് അവസാനത്തെ സോവ്യറ്റ് പ്രസിഡന്റായ മിഖായല്‍ ഗോര്‍ബച്ചോവ് പറഞ്ഞു. ജനനന്മയ്ക്കുവേണ്ടി പോരാടിയ കാസ്ട്രോയുടെ പോരാട്ടവീര്യം വിസ്മരിക്കില്ലെന്ന് അനുശോചന സന്ദേശത്തില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദും കാസ്ട്രോയ്ക്ക് പ്രണാമം അര്‍പ്പിച്ചു. സഖാവ് കാസ്ട്രോ ചിരകാലം ജീവിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് പറഞ്ഞു. ഫിഡല്‍ കാസ്ട്രോയുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു. ഫിഡലിന്റെ സഹോദരനും ക്യൂബന്‍ ഭരണാധികാരിയുമായ റൗള്‍ കാസ്ട്രോയ്ക്ക് സ്പാനിഷ് ഭാഷയില്‍ അയച്ച അനുശോചന സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം അറിയിച്ചത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല