സ്വന്തം ലേഖകന്‍: പൊട്ടിച്ചിരിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാനും സത്യന്‍ അന്തിക്കാടും, യുട്യൂബില്‍ തരംഗമായി ജോമോന്റെ സുവിശേഷങ്ങളുടെ ടീസര്‍. പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ് ചിത്രത്തിന്റെ ടീസര്‍. യൂട്യൂബില്‍ ട്രെന്‍ഡിങ്ങ് വീഡിയോകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഈ വീഡിയോ. ടീസര്‍ യൂട്യൂബിലെത്തി 21 മണിക്കൂറിനുള്ളില്‍ കണ്ടത് അഞ്ച് ലക്ഷത്തിലധികം ആളുകളാണ്. പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, കസബ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡാണ് ജോമോന്‍ തകര്‍ത്തത്. യൂട്യൂബ് ട്രെന്‍ഡിങ് വീഡിയോസില്‍ രണ്ടാം സ്ഥാനത്താണ് ജോമോന്റെ ടീസര്‍. മലയാളത്തില്‍ ഇതാദ്യമായാണ് ഒരു ടീസര്‍ ഇത്രയും വേഗത്തില്‍ അഞ്ചു ലക്ഷത്തിലധികം ആളുകള്‍ കാണുന്നത്. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായ സത്യന്‍ അന്തിക്കാട് ദുല്‍ഖറിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. അനുപമാ പരമേശ്വരനും ഐശ്വര്യാ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. അച്ഛന്‍മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം തൃശൂരിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, വിനു മോഹന്‍, മുത്തുമണി, ഇന്ദു തമ്പി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. എസ് കുമാറാണ് ഛായാഗ്രാഹകന്‍. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല