സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നതായി ട്രംപ്, പോപുലര്‍ വോട്ടില്‍ ഹിലരി മുന്നിലെത്തിയത് കള്ളവോട്ടുകള്‍ കാരണമെന്ന് ആരോപണം. മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള നീക്കത്തിന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റണ്‍ പിന്തുണച്ചതിനെ ട്രംപ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
വിന്‍സ്‌കോന്‍സിന്‍ സംസ്ഥാനത്തെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടതിനെ പിന്തുണയ്ക്കുന്നുവെന്ന് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റണ്‍ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ആരോപണം.പോപുലര്‍ വോട്ടില്‍ ഹിലരിക്ക് തനിക്കെതിരെ ലീഡ് നേടാനായതിന് കാരണം ലക്ഷക്കണക്കിന് കള്ള വോട്ടുകളാണെന്നും അദ്ദേഹം ആരോപിച്ചു.
ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് തന്റെ പുതിയ വിവാദ പ്രസ്താവന നടത്തിയിട്ടുള്ളത്. വെര്‍ജീനിയ, ന്യൂ ഹാംപ്ഷിയര്‍, കാലിഫോര്‍ണിയ എന്നീ സംസ്ഥാനങ്ങളില്‍ നടന്നത് ഗുരുതരമായ കള്ളവോട്ടാണ് എന്നും ട്രംപ് ആരോപിച്ചു. ഇക്കാര്യം ജനങ്ങളെ അറിയിക്കാതിരുന്നതിന് യുഎസ് മാധ്യമങ്ങളേയും ട്രംപ് കുറ്റപ്പെടുത്തി.
അതിനിടെ, വിസ്‌കോണ്‍സനിന് പിന്നാലെ, പെന്‍സല്‍വേനിയയിലും മിഷിഗണിലും വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള നീക്കം ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്ന്‍ ശക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് നടത്തിയ ഓണ്‍ലൈന്‍ പ്രചാരണത്തിന് ഇതുവരെ 60 ലക്ഷമാളുകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
ജനകീയ വോട്ടുകളില്‍ ട്രംപിനേക്കാള്‍ 20 ലക്ഷത്തോളം വോട്ടുകള്‍ ഹിലരിക്കുണ്ട്. എന്തായാലും പ്രസിഡന്റാകാന്‍ വേണ്ട 270 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപിന് സ്വന്തമായുണ്ട്. സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കാണ് ഇത്.
ഹിലരിക്ക് അനുകൂലമായി ചെയ്ത അന്യായ വോട്ടുകള്‍ കുറച്ചാല്‍ പോപുലര്‍ വോട്ടിലും താന്‍ മുന്നിലായേനെയെന്ന് ട്വിറ്ററില്‍ ട്രംപ് കുറിച്ചു. എന്നാല്‍, അന്യായ വോട്ടുകള്‍ എങ്ങനെയായിരുന്നുവെന്നതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. വിസ്‌കോണ്‍സനില്‍ ഈയാഴ്ച അവസാനം തുടങ്ങുന്ന വീണ്ടും വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ് അവസാനിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല