സ്വന്തം ലേഖകന്‍: കള്ളപ്പണക്കാര്‍ക്കായി പുതിയ പദ്ധതിയുമായി കേന്ദ്രം, വെളിപ്പെടുത്തിയാല്‍ 50% വും പിടിക്കപ്പെട്ടാല്‍ 85% വും സര്‍ക്കാരെടുക്കും. അസാധു നോട്ടുകളായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള വെളിപ്പെടുത്തല്‍ പദ്ധതി സംബന്ധിച്ചു പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. ഈ പദ്ധതിയിലൂടെ ലഭിക്കുന്ന നികുതി വരുമാനം ദരിദ്രക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കും.
പ്രധാനമന്ത്രി ഗരീബി കല്യാണ്‍ യോജനയിലൂടെയാണ് കണക്കില്‍പ്പെടാത്ത പണം വെളിപ്പെടുത്താന്‍ അവസരമൊരുക്കുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ചു ചോദ്യങ്ങളുണ്ടാകില്ല. ഇങ്ങനെ വെളിപ്പെടുത്തുന്ന പണത്തിന്റെ 30 ശതമാനം നികുതി, 10 ശതമാനം പിഴ, 10 ശതമാനം ഗരീബ് കല്യാണ്‍ സെസ് എന്നിങ്ങനെ 50 ശതമാനം സര്‍ക്കാരിലേക്കു മുതല്‍കൂട്ടും.
ശേഷിക്കുന്ന തുകയുടെ പകുതി നിക്ഷേപകന് ആവശ്യമെങ്കില്‍ അപ്പോള്‍ത്തന്നെ തിരിച്ചുകിട്ടുമെങ്കിലും അത് നാലു വര്‍ഷത്തേക്കു പിന്‍വലിക്കാന്‍ കഴിയില്ല. ഈ പണം ജലസേചനം, ശൗചാലയ നിര്‍മാണം, അടിസ്ഥാനസൗകര്യ വികസനം, പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം തുടങ്ങിയ മേഖലകളില്‍ ദരിദ്രജനതയുടെ വികസനത്തിനായാകും വിനിയോഗിക്കുക.
നാലു വര്‍ഷത്തിനു ശേഷം പലിശയില്ലാതെ തുക മടക്കിക്കിട്ടും.അതിനു ശേഷവും കള്ളപ്പണം സൂക്ഷിക്കുന്നതായി കണ്ടെത്തിയാല്‍ നികുതിയും പിഴയുമായി 85 ശതമാനം തുക നഷ്ടമാകും. 60 ശതമാനം നികുതിയായും 15 ശതമാനം സര്ചാര്ജായായുമാണു പിടിക്കുക. ഇതിനു പുറമേ 10 ശതമാനം പിഴയായും ഈടാക്കും.
ഈ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താനായില്ലെങ്കില്‍ പ്രോസിക്യൂഷന് നടപടികളും ശിക്ഷയും അഭിമുഖീകരിക്കേണ്ടി വരുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ബില്ലില്‍ പറയുന്നു. ബില്‍ പാസാക്കിയതിനു ശേഷം സമയപരിധി നിശ്ചയിക്കും. ഡിസംബര്‍ 30 ആണു പരിഗണനയിലെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് അധിയ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല