ജോസ് പുത്തന്‍കളം: കലാ വിസ്മയങ്ങള്‍ തീര്‍ത്ത് യുകെകെസിവൈഎല്‍ 2016 കലാമേളക്ക് സമാപനം; ലിവര്‍പൂളും മാഞ്ചസ്റ്ററും സംയുക്ത ജേതാക്കള്‍. നവംബര്‍ ഇരുപത്തിയാറാം തീയതി ശനിയാഴ്ച യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടന്ന യുകെകെസിവൈഎല്‍ കലാമേളയില്‍, യുകെകെസിവൈഎല്ലിന്റെ ചരിത്രത്തിലാദ്യമായി ക്‌നാനായ യുവജനങ്ങളെ ആവേശത്തിലാറാടിച്ചു കൊണ്ട് ആയിരങ്ങളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, അവസാന ഫോട്ടോഫിനിഷില്‍ ഓവറോള്‍ കിരീടം മാഞ്ചസ്റ്ററും ലിവര്‍പൂളും സംയുക്തമായി ഏറ്റുവാങ്ങി കൊണ്ട് കലാമേളയ്ക്ക് സമാപനമായി.
യുകെയിലെ ക്‌നാനായക്കാരുടെ യുവജന സംഘടനയായ യുകെകെസിവൈഎല്ലിന്റെ നാഷണല്‍ കലാമേളയില്‍ യുകെയുടെ പലഭാഗത്തു നിന്നും അയര്‍ലന്‍ഡില്‍ നിന്നുമായി ഏകദേശം 40 ഓളം യൂണിറ്റുകളില്‍ നിന്നും വന്ന 250 ഓളം കലാകാരന്മാരുടെ കലാമാമാങ്കത്തിന് ആയിരങ്ങള്‍ സാക്ഷിയായി.സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലാമേള ഔപചാരികമായി ഉത്ഘാടനം ചെയ്തു. യുകെയിലെ മലയാളികള്‍ക്കിടയില്‍ ഇത് പോലെ യുവജനങ്ങള്‍ക്ക് വേണ്ടി മാത്രം നടത്തപ്പെടുന്നതും ഇത്രയും യുവജനങ്ങള്‍ പങ്കെടുക്കുന്നതും തന്നെ അത്ഭുതപ്പെടുത്തിയെന്ന് പിതാവ് എടുത്തു പറഞ്ഞു.
കലാമേളയുടെ ഉത്ഘാടന സമ്മേളനം തന്നെ വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. തനതു കേരളം ശൈലിയില്‍ നിന്നും വ്യത്യസ്തമായി ‘യുകെകെസിവൈഎല്‍ യൂത്ത് ഫെസ്റ്റ് 2016’ എന്ന ബാനര്‍ ഉത്ഘാടന സമയത്ത് ഒരു റോബോട്ടിക് ശൈലിയില്‍ ഇറങ്ങി വരികയും അതില്‍ തിരി തെളിച്ച് ഒരു ന്യൂ ജനറേഷന്‍ ശൈലിയില്‍ നടത്തപ്പെട്ട ഉത്ഘാടനം കാണികള്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരുന്നു.
ക്‌നാനായക്കാരുടെ അഭിമാനമായ ബിര്‍മിംഗ്ഹാമിലെ യുകെകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ വച്ചായിരുന്നു യുകെകെസിവൈഎല്‍ കലാമേള ഈ വര്‍ഷവും അരങ്ങേറിയത്.
ക്‌നാനായ തനിമയും ആചാരങ്ങളും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെ ക്രമീകരിച്ച മത്സര ഇനങ്ങളില്‍ സാധാരണ മത്സരങ്ങള്‍ കൂടാതെ മൈലാഞ്ചി, ചന്തം ചാര്‍ത്ത്, പുരാതനപ്പാട്ട് എന്നീ മത്സരങ്ങള്‍ യുവജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ചന്തം ചാര്‍ത്ത്, മൈലാഞ്ചി ഇടീല്‍ മത്സരങ്ങളില്‍ ലിവര്‍പൂള്‍ യൂണിറ്റ് നാടന്‍ കോഴിയെ വരെ എത്തിച്ചായിരുന്നു മത്സരത്തിന് തന്മയത്വം പകര്‍ന്നത്.
ഈ കലാമേളയില്‍ കാണികള്‍ക്ക് ഏറ്റവും ആവേശം പകര്‍ന്നത് പുരാതനപ്പാട്ട് മത്സരവും അവസാനം നടന്ന സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങളുമായിരുന്നു. യുവഹൃദയങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു കൊണ്ട് നടന്ന സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങള്‍ ഏതൊരു ബോളിവുഡ് ലൈവ് ഡാന്‍സ് ഷോകളോടും കിട പിടിക്കുന്നതായിരുന്നു.
ഓരോ ഡാന്‍സ് ഗ്രൂപ്പിന്റെയും താളത്തിനൊപ്പം ഗാലറിയില്‍ ചുവടുകള്‍ വച്ച യുവജനങ്ങള്‍ ഈ കലാമേളയെ ഉത്സവമാക്കി മാറ്റി നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.
യുകെകെസിവൈഎല്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ഷിബിന്‍ വടക്കേക്കര, ജോണി മലേമുണ്ട, സ്റ്റീഫന്‍ ടോം, സ്റ്റീഫന്‍ ഫിലിപ്, ഡേവിഡ് ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കലാമേള പുതിയ തലമുറയിലെ യുവജനങ്ങളുടെ നേതൃത്വ പാടവത്തിന്റെ ഉത്തമ ഉദാഹരണാമായിരുന്നു. യുകെകെസിവൈഎല്‍ സ്പിരിച്വല്‍ ഡയറക്ടറും വികാരി ജനറലുമായ ഫാ. സജി മലയില്‍ പുത്തന്‍പ്പുരക്കലിന്റെയും നാഷണല്‍ ഡയറക്ടര്‍മാരായ സിന്റോ ജോണിന്റെയും ജോമോള്‍ സന്തോഷിന്റെയും മുന്‍ ഡയറക്ടര്‍മാരായ ശെരി ബേബിയുടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു കലാമേള യുവജനങ്ങള്‍ ഭംഗിയാക്കിയത്. യുകെകെസിഎയുടെ ഭാരവാഹികളായ ശ്രീ. ബിജു മടക്കേക്കുഴി, ജോസി നെടുംത്തുരുത്തി പുത്തന്‍പുരയില്‍, ബാബു തോട്ടം എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും കലാമേളയെ വന്‍ വിജയത്തിലെത്തിച്ചു.
ഓരോ യൂണിറ്റില്‍ നിന്നും എത്തിയ യുവജനങ്ങള്‍ക്കും ഡയറക്ടറിനും മാതാപിതാക്കള്‍ക്കും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് യുകെകെസിവൈഎല്‍ കലാമേളയ്ക്ക് തിരശീല വീണത്.
യൂണിറ്റുകള്‍ തമ്മില്‍ ആവേശത്തോടെ പൊരുതിയ കലാമേളയില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യൂണിറ്റും കിരീടം സംയുക്തമായി നേടി. ഒപ്പത്തോടൊപ്പം പോരാടിയ ന്യൂ കാസില്‍ യൂണിറ്റ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിര്‍മിങ്ഹാം മൂന്നാം സ്ഥാനം നേടി.
ബിര്‍മിങ്ഹാം യൂണിറ്റില്‍ നിന്നും ഉള്ള ഡിയോള്‍ ഡൊമിനിക് എല്ലാവരെയും പിന്നിലാക്കി കലാതിലക പട്ടം കരസ്ഥമാക്കി.
അങ്ങിനെ വര്‍ണ്ണ വിസ്മയങ്ങള്‍ വാരിവിതറിയ ക്‌നാനായ മക്കളുടെ കലയുടെ മാമാങ്കത്തിന് രാത്രി 9 മണിയോടെ തിരശീല വീണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല