സ്വന്തം ലേഖകന്‍: സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കണമെന്ന ആവശ്യം ഉന്നയിച്ച് സൗദി രാജകുമാരന്. രാജകുമാരന് അല്‍വലീദ് ബിന്‍ തലാലാണ് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുമതി നല്കാന് സമയമായെന്ന് അഭിപ്രായം ട്വിറ്ററില്‍ കുറിച്ചത്.
സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ നിലപാടില്‍നിന്ന് വ്യത്യസ്തമായി നിലപാട് സ്വീകരിക്കുന്നയാളാണ് അല്‍വലീദ്. ട്വിറ്റര്‍ സന്ദേശത്തിന് പിന്നാലെ നിലപാട് വിശദീകരിച്ച് അദ്ദേഹം പ്രസ്താവനയും ഇറക്കി.
സ്ത്രീകളെ ഡ്രൈവിങ്ങിന് വിലക്കുന്നത് അവര്‍ക്ക് സ്വതന്ത്ര അസ്തിത്വവും, വിദ്യാഭ്യാസ അവകാശവും നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ”മതപ്രമാണങ്ങളല്ല, പരമ്പരാഗത സമൂഹത്തിന്റെ അടിസ്ഥാനരഹിതമായ നിലപാടുകളാണ് തടസ്സമാവുന്നത്. സ്വന്തമായി വാഹനമോടിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ വിദേശികളെ ഡ്രൈവര്‍മാരായി നിയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുതാണ്” അല്‍വലീദ് കൂട്ടിച്ചേര്‍ത്തു.
പ്രമുഖ വ്യാപാര സ്ഥാപനമായ കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ മേധാവിയാണ് അല്‍ വലീദ്. സാമ്പത്തികം, സാമൂഹികം, മതപരം, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കണമെന്ന് അല്‍വലീദ് പറയുന്നു. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അവസരം നല്‍കുന്നത് അവരുടെ ജോലിയില്‍ പുരോഗതിയുണ്ടാകാന്‍ കാരണമാകുമെന്നും അതൊരു ‘സാമൂഹിക ആഡംബരം’ അല്ല, മറിച്ച് ‘അനിവാര്യത’ ആണെന്നും അദ്ദേഹം പറയുന്നു.
അതേസമയം, മറ്റൊരു രാജകുമാരനായ മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദിന്റെ നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അല്‍വലീദിന്റെ അഭിപ്രായം. വനിതകള്‍ ഡ്രൈവ് ചെയ്യുന്നത് തനിക്ക് വിശ്വസിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സൗദിയിലെ അടുത്ത കിരീടാവകാശിയുടെ പിന്‍ഗാമിയാണ് ഇദ്ദേഹം. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല