അലക്സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ സീറോ മലബാര്‍ കത്തോലിക്കാ ഇടവകയുടെ ഇടവക ദിനവും, സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് അഭിനന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മഹനീയ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരവും, പ്രൗഢഗംഭീരവുമായി ആഘോഷിച്ചു. ഇടവക സന്ദര്‍ശനത്തിനും, സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷത്തിലും പങ്കെടുക്കുവാനായി എത്തിച്ചേര്‍ന്ന പിതാവിന് മാഞ്ചസ്റ്ററിലെ കത്തോലിക്കാ വിശ്വാസികള്‍ സമുചിതമായ സ്വീകരണം നല്കി. ശനി, ഞായര്‍ എന്നീ രണ്ട് ദിവസങ്ങളിലായാണ് പിതാവിന്റെ ഇടവക സന്ദര്‍ശനം ക്രമീകരിച്ചിരുന്നത്. ശനിയാഴ്ച മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് സന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചത്. ഭക്തിനിര്‍ഭരമായ ദിവ്യബലിക്ക് ശേഷം സണ്‍ഡേ സ്കൂള്‍ വാര്‍ഷികാഘോഷ പരിപാടികള്‍ സീറോ മലബാര്‍ പാരീഷ് സെന്ററില്‍ ആരംഭിച്ചു. സണ്‍ഡേ സ്കൂള്‍ പ്രധാനാധ്യാപകന് ജെയ്സന് മേച്ചേരി വിശിഷ്ടാതിഥികളെയും, സദസ്സിനെയും സ്വാഗതം ചെയ്തു. സെക്രട്ടറി പ്രീതി ജോണി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റവ.ഫാ.ഇയാന്‍ ഫാരന്‍, റവ.ഫാ.തോമസ് തൈക്കൂട്ടത്തില്‍, റവ.ഫാ.ഫാന്‍സ്വാ പത്തില്‍, ട്രസ്റ്റിമാരായ ശ്രീ.പോള്‍സണ്‍ തോട്ടപ്പിള്ളി, ശ്രീ.ജോര്‍ജ് മാത്യു എന്നിവരെ സാക്ഷിയാക്കി അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവ് വാര്‍ഷികാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഫാ.ഇയാന്‍ ഫാരന്‍, ഫാ.തോമസ് തൈക്കൂട്ടത്തില്‍, ഫാ.ഫാന്‍സാ പത്തില്‍, ശ്രീ.പോള്‍സണ്‍ തോട്ടപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബംങ്ങള് മാതാവിനോട് ചേര്‍ന്ന് നിന്ന് യേശുവിനെ തങ്ങളുടെ കുടുംബത്തിലേക്കും ജീവിതത്തിലേക്കും സ്വീകരിക്കുവാന്‍ പാപരഹിതമായ മനസുകളോടെ ഒരുങ്ങുവാനും തയ്യാറെടുക്കുവാനും തന്റെ ഉദ്ഘാടന സന്ദേശത്തില്‍ പിതാവ് ഉദ്ബോധിപ്പിച്ചു. ലോംങ്ങ് സൈറ്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഉപഹാരം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന് ട്രസ്റ്റി ശ്രീ.ജോര്‍ജ് മാത്യു സമ്മാനിച്ചു. സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ആദ്യവസാനം വീക്ഷിച്ച പിതാവ് പരിപാടികളില്‍ വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു. മനസ്സില്‍ എന്നും ഓര്‍ത്ത് വയ്ക്കുവാന്‍ കഴിയുന്ന തരത്തില്‍ നൂറിലധികം സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബൈബിള്‍ അധിഷ്ടിത കലാപരിപാടികള്‍ കാണികളുടെ മനം കവര്‍ന്നു. 48 കുട്ടികളെ അണിനിരത്തി അവതരിപ്പിച്ച സ്വാഗത ന്യത്തം കാണികള്‍ നിലയ്ക്കാത്ത കരഘോഷത്തോടെയാണ് സ്വീകരിച്ചത്.പിന്നീട് നടന്ന ഓരോ പരിപാടികളും കത്തോലിക്കാ സഭയുടെ സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു. സീറോ മലബാര്‍ സഭയുടെ പ്രത്യേക വരദാനങ്ങളായ അല്‍ഫോന്‍സാമ്മയേയും, ഏവുപ്രാസ്യാമ്മയേയും, വി. ചാവറ ഏലിയാസച്ചനേയും കുട്ടികള്‍ രംഗത്ത് അവതരിപ്പിച്ചപ്പോള്‍ കാണികള്‍ ഒരു നിമിഷം സ്വയം മറന്ന് ശിരസ്സ് നമിച്ചു പോയി. പരിപാടികളെല്ലാം ചിട്ടയായും സമയ ക്ലിപ്തത പാലിച്ചും ക്രമീകരിച്ചതിന് ഏവരും സംഘാടകരെ അഭിനന്ദിച്ചു. ജെസി ജോസഫ് നന്ദി പ്രകാശിപ്പിച്ചതോടെ വാര്‍ഷികാഘോഷ പരിപാടികക്ക് സമാപനം കുറിച്ചു. വികാരി റവ. ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാം കോഡിനേറ്റര്‍മാരായ ജിജു എബ്രഹാം, ജോബി മാത്യു, എന്നിവരും, ട്രസ്റ്റിമാരും, മതബോധന അദ്ധ്യാപകരും കഴിഞ്ഞ ഒരു മാസത്തിന് മുകളിലായി നടത്തിയ പരിശ്രമമാണ് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ഇത്രയും മനോഹരവും അടുക്കും ചിട്ടയുമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. സ്നേഹവിരുന്നോടെയാണ് ശനിയാഴ്ചത്തെ ഒരു വലിയ സന്തോഷത്തിന്റെ ദിവസത്തിന് സമാപനം കുറിച്ചത്. ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍ സ്രാമ്പിക്കല്‍ പിതാവ് മതബോധന അധ്യാപകരുമായുള്ള യോഗത്തോടെയാണ് ഞായറാഴ്ചത്തെ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് പാരീഷ് കമ്മിറ്റി അംഗങ്ങളുമായും, മാത്യദീപ്തി അംഗങ്ങള്‍, യുവജന സംഘടനയായ SMYL അംഗങ്ങള്‍ എന്നിവരുമായി പ്രത്യേകം യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി.യോഗങ്ങള്‍ക്ക് ശേഷം ഇടവകയിലെ രോഗികളായവരെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടവക വാര്‍ഡുകളില്‍ നടന്ന കുടുംബയോഗങ്ങളില്‍ സംബന്ധിക്കുകയുണ്ടായി. വൈകുന്നേരം 4.30 ന് ഇടവകക്ക് വേണ്ടിയുള്ള പ്രത്യേക ദിവ്യബലിയില്‍ പിതാവ്, ശക്തതമായതും ദൈവവിശ്വാസത്തിലധിഷ്ടിതമായതുമായ ഒരു ഇടവക വളര്‍ന്ന് വരുവാന്‍ പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. ദിവ്യബലിക്ക് ശേഷം പുതുതായി രൂപീകരിച്ച മാതൃദീപ്തി സംഘടനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു, അതില്‍ അംഗങ്ങളായവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അമ്മമാരുടെ ഈ സംഘടന ഇടവകയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പിതാവ് ആഹ്വാനം ചെയ്തു. സംഘടനയെയും അതിലെ അംഗങ്ങളെയും ദൈവപരിപാലനയില്‍ സമര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. അതിന് ശേഷം പാരീഷ് ഹാളില്‍ നടന്ന ഇടവകാംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ തന്റെ അജഗണങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും കേള്‍ക്കുവാനും അവയ്ക്ക് പരിഹാരം കാണാമെന്ന് പറയുകയും ചെയ്തു. പിന്നീട് കുടുംബാംഗങ്ങളൊന്നിച്ച് ഫോട്ടോ എടുക്കുവാനും, കുശലാന്വേഷണത്തിനും സമയം കണ്ടെത്തി. ഇടവകക്ക് പ്രത്യേക ഉണര്‍വ്വ് നല്കി തന്റെ പ്രഥമ ഇടവക സന്ദര്‍ശനം പൂര്‍ത്തിയാക്കി സ്രാമ്പിക്കല്‍ പിതാവ് മടങ്ങുമ്പോള്‍; മാഞ്ചസ്റ്ററിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം ഏറെ സന്തോഷത്തോടെയും ആത്മ നിര്‍വൃതിയോടെയുമാണ് ചായസല്‍ക്കാരത്തിന് ശേഷം സ്വഭവനങ്ങളിലേക്ക് മടങ്ങിയത്. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച സ്വാഗത ന്യത്തത്തിന്റെ വീഡിയോ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല