സ്വന്തം ലേഖകന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടില്‍ മൃഗക്കൊഴുപ്പ് തേക്കുന്നതായി ആരോപണം, യുകെയിലും കറന്‍സി വിവാദം. ഇന്ത്യയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ വിവാദത്തില്‍ പുകഞ്ഞുനില്‍ക്കെ യുകെയിലും നോട്ട് വിവാദം കത്തിപ്പിടിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുതിയതായി പുറത്തിറക്കിയിരിക്കുന്ന നോട്ടാണ് വില്ലനായിരിക്കുന്നത്. നോട്ട് മുഷിയാതിരിക്കാനും കേടുപാടുകള്‍ പറ്റാതിരിക്കാനും മൃഗക്കൊഴുപ്പ് തേച്ച് മിനുസപ്പെടുത്തിയെന്നാണ് ആരോപണം.
ഒരു മാസം മുമ്പ് പുറത്തിറക്കിയ പോളിമര്‍ അഞ്ചു രൂപ നോട്ടിനെ ചുറ്റിപ്പറ്റിയാണ് പ്രശ്നങ്ങള്‍. എളുപ്പം കീറിപ്പോകാത്തതും മിനുസം എപ്പോഴും നിലനില്ക്കുന്നതും നനവ് പറ്റാത്തതുമായ പുതിയ നോട്ടിനെതിരെ വെജിറ്റേറിയന്‍ ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. നോട്ട് പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് തയ്യാറാക്കിയിട്ടുള്ള നിവേദനത്തില്‍ ഇതിനകം ഒരു ലക്ഷം പേര് ഒപ്പുവെച്ചു.
മൃഗക്കൊഴുപ്പ് അടങ്ങിയ പദാര്‍ഥങ്ങള്‍ക്കെതിരെ പൊരുതുന്ന ഇവരുടെ പ്രതിഷേധം ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതികരിച്ചു. നോട്ട് അടിക്കുന്ന റോയല്‍ മിന്റുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വേണ്ട നടപടി സ്വീകരിക്കുമെന്നാണ് ബാങ്കിന്റെ പ്രതികരണം.
പ്രതിഷേധവുമായി വന്നവര്‍ക്ക് പിന്തുണയുമായി ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും രംഗത്തുണ്ട്. കഴിഞ്ഞ സെപ്തംബറിലായിരുന്നു നോട്ട് പുറത്തിറക്കിയത്. ഒരു വശത്ത് രാജ്ഞിയുടേയും മറുവശത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും ചിത്രങ്ങള്‍ പതിച്ച നോട്ട് ജനങ്ങള്‍ക്ക് നന്നായി പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഴയ നോട്ടുകള്‍ അപ്രത്യക്ഷമായി തുടങ്ങിയപ്പോള്‍ മുതലാണ് വിവാദവുമായി മൃഗസ്നേഹികള്‍ രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല