സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രധാനമന്ത്രി ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫയുടെ ഇന്ത്യന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തും. പൊതുതാല്പര്യം മുന്‍നിര്‍ത്തി മേഖലയിലെ ഉഭയകക്ഷി പ്രശ്നങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യക്ക് വിതരണം ചെയ്യുന്ന പ്രമുഖ രാജ്യമെന്ന നിലയില്‍ ഊര്‍ജ സഹകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയും ഇതില്‍ സ്ഥാനം പിടിക്കും. ഊര്‍ജ രംഗത്തെ സഹകരണം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും കരാറുകളില്‍ ഏര്പെട്ടേക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും ഖത്തര്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
രണ്ടു വര്‍ഷത്തിനിടെ ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന മൂന്നാമത്തെ ഉന്നതതല ചര്‍ച്ചയാണിത്. 2015 മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷം കഴിഞ്ഞ ജൂണില്‍ നരേന്ദ്ര മോദി ഖത്തറും സന്ദര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല