സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം, ഇരു രാജ്യങ്ങളും തമ്മില്‍ അഞ്ച് കരാറുകളില്‍ ഒപ്പുവച്ചു, ഇ വിസ സംവിധാനം ഏര്‍പ്പെടുത്താന്‍ നീക്കം. വിസ, സൈബര്‍ സ്പേസ്, നിക്ഷേപം, തുറമുഖ വികസനം എന്നീ മേഖലകളിലാണ് കരാറുകള്‍ ഒപ്പുവെച്ചിട്ടള്ളത്. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും കരാറുകളില്‍ ഒപ്പു വെച്ചത്.
വ്യവസായികള്‍ക്കും സഞ്ചാരികള്‍ക്കും ഇവിസ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച കരാര്‍ ഖത്തര്‍ പ്രധാനമന്ത്രിയും മോദിയും തമ്മില്‍ ഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ നടന്ന ചര്‍ച്ചക്കു ശേഷമാണ് ഒപ്പിട്ടത്. ഡിപ്ളോമാറ്റിക്, സ്പെഷല്‍, ഒഫീഷ്യല്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസ ഇല്ലാതെ യാത്ര സാധ്യമാക്കുന്നതാണ് ധാരണപത്രം. സൈബര്‍ ക്രൈം നേരിടാന്‍ ഇരുരാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ സഹകരിക്കുന്നതിനും വിവരങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിനും ധാരണയായി.
ശനിയാഴ്ച ഒപ്പുവെച്ച താല്പര്യപത്രം ഇവിസ നടപ്പാക്കുന്നതിന്റെ ആദ്യ ചുവടാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി വ്യവസായികള്‍ക്കും മറ്റും ഗുണം ചെയ്യുന്നതാണ് കരാര്‍. ഐ.എസ് സാന്നിധ്യം സംശയിച്ച് മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ മേല്‍ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ സൈബര്‍ ക്രൈം നേരിടാന്‍ ഇന്ത്യയുടെയും ഖത്തറിന്റെയും ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലുള്ള കരാറിന് ഏറെ പ്രധാന്യമുണ്ട്.
ഇക്കാര്യത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഖത്തര്‍ പ്രതിനിധി സംഘവുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം കൊടുക്കല്‍വാങ്ങല്‍ എന്നതിനപ്പുറത്തേക്ക് വളരേണ്ടതുണ്ടെന്ന ആഗ്രഹം ഖത്തര്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നരേന്ദ്ര മോദി മുന്നോട്ടുവെച്ചെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
ഊര്‍ജമേഖലയില്‍ ഇന്ത്യയില്‍ ഖത്തറിന്റെ നിക്ഷേപത്തിന് സാധ്യതയുണ്ട്. ഖത്തറിന്റെ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതികളില്‍ മുതല്‍മുടക്കാന്‍ ഇന്ത്യന്‍ കമ്പനികളും തല്പരരാണ്. ഖത്തറില്‍നിന്ന് യൂറിയ ഇറക്കുമതി ചെയ്യാന്‍ ദീര്‍ഘകാല കരാറിന് ഇന്ത്യയുടെ താല്പര്യം അറിയിച്ച മോദി ഖത്തറിന്റെ ഭക്ഷ്യ ആവശ്യം നിറവേറ്റാന്‍ ഇന്ത്യക്ക് കഴിയുമെന്നും അറിയിച്ചതായി വികാസ് സ്വരൂപ് പറഞ്ഞു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും കൂടിക്കാഴ്ച നടത്തിയ ഖത്തര്‍ പ്രധാനമന്ത്രിയും സംഘവും ശനിയാഴ്ച രാത്രി മടങ്ങി. രണ്ടു വര്‍ഷത്തിനിടെ, ഇന്ത്യക്കും ഖത്തറിനുമിടയില്‍ നടക്കുന്ന മൂന്നാമത്തെ ഉന്നതതല കൂടിക്കാഴ്ചയാണിത്. 2015 മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ അഹ്മദ് ആല്‍ഥാനി ഡല്‍ഹി സന്ദര്‍ശിച്ചതിന് പിന്നാലെ ഈ വര്‍ഷം ജൂണില്‍ നരേന്ദ്ര മോദി ഖത്തറിലും സന്ദര്‍ശനം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല